മുംബൈ: ബോംബെ കേരളീയ സമാജം മാട്ടുംഗ കേരള ഭവനത്തിന്റെ രണ്ടാം നിലയിൽ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ബി.കെ.എസ്. ആയുർവേദ പഞ്ചകർമ്മ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനവും അന്താരാഷ്ട്ര യോഗാ ദിനാചരണവും ജൂൺ 21-ന് സംഘടിപ്പിച്ചു.
വൈകുന്നേരം 5 മണിക്ക് നവതി മെമ്മോറിയൽ ഹാളിൽ നടന്ന യോഗാ ദിനാചരണ പരിപാടിയിൽ സമാജം യോഗാ വിദ്യാർത്ഥികളുടെ യോഗാ പ്രദർശനവും യോഗാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രഭാഷണവും നടന്നു. സമാജം യോഗാ പരിശീലക ഡോ. വർഷ മണിയാർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രശസ്ത യോഗാ പ്രഭാഷകയും മെഡിറ്റേഷൻ വിദഗ്ധയുമായ ഡോ. പൂർവി കേതൻ ഷാ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വെച്ച് അവരെ സമാജം ആദരിച്ചു.
തുടർന്ന് വൈകുന്നേരം 6.30ന് നവീകരിച്ച ആയുർവേദ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം ഡോ. വിനായക് വിത്തൽ തായഡെ (ധന്വന്തരി ആയുർവേദ ഉപചാർ കേന്ദ്ര, ബാന്ദ്ര) ഭദ്രദീപം കൊളുത്തി നിർവഹിച്ചു. സമാജത്തിന്റെ മുൻകാല-നിലവിലെ ഭാരവാഹികൾ, ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർ ചേർന്ന് ദീപപ്രജ്വലനത്തിൽ പങ്കെടുത്തു.
സമാജം പ്രസിഡന്റ് ഡോ. എസ്. രാജശേഖരൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ആർ. ദേവദാസ് സ്വാഗതവും ട്രഷറർ എം.വി. രവി നന്ദിയും രേഖപ്പെടുത്തി. വൈസ് പ്രസിഡന്റ് കെ. ദേവദാസ്, ആയുർവേദ വിഭാഗം ഇൻചാർജ് വിനോദ് കുമാർ നായർ, സീനിയർ ഫിസിഷ്യൻ ഡോ. റാണി അയ്യർ എന്നിവർ സംസാരിച്ചു.
ജ്യോതിർമയി, മധു നമ്പ്യാർ, റൂബൻ സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സമാജത്തിന്റെ മുൻകാല ഭാരവാഹികളടക്കം നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ആദിത്യ ജ്യോത് ഹോസ്പിറ്റൽ, വൈദ്യരത്നം ഔഷധാലയം എന്നിവരുടെ സഹകരണത്തോടെ ഉപഹാര വിതരണവും നടന്നു.
ആയുർവേദ ചികിത്സയും യോഗാഭ്യാസവും സംയോജിപ്പിച്ച് ആരോഗ്യപരിപാലന രംഗത്ത് കൂടുതൽ മികച്ച സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് നവീകരിച്ച തെറാപ്പി സെന്റർ പ്രവർത്തനം ആരംഭിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
