ബംഗളൂരു: ജീവിതത്തിന്റെ പ്രയാസകരമായ ഘട്ടങ്ങളിൽ കുടുംബങ്ങൾക്ക് ആശ്വാസവും സാമ്പത്തിക പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെ എഐകെഎംസിസി നാഷണൽ കമ്മിറ്റി നടപ്പാക്കുന്ന ‘ഒപ്പം’ സോഷ്യൽ സെക്യൂരിറ്റി സ്കീം മഹാരാഷ്ട്രയിലെ ഒരു കുടുംബത്തിന് കരുതലിന്റെ കൈത്താങ്ങായി.
അടുത്തിടെ അന്തരിച്ച മഹാരാഷ്ട്ര എഐകെഎംസിസി പ്രവർത്തകൻ കെ. അബ്ദുൽ ഹമീദിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ സഹായധനം പദ്ധതിയുടെ ഭാഗമായി അനുവദിച്ചു. ബംഗളൂരുവിൽ നടന്ന സമൂഹവിവാഹ ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സഹായധനത്തിന്റെ ചെക്ക് എഐകെഎംസിസി മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് അസീസ് മാണിയൂരിന് കൈമാറി.
പ്രയാസങ്ങൾ നേരിടുന്ന കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനൊപ്പം, ‘നിങ്ങൾ ഒറ്റയ്ക്കല്ല, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്’ എന്ന ആത്മവിശ്വാസം പകരുക എന്നതാണ് ‘ഒപ്പം’ പദ്ധതിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.
സന്തോഷത്തിന്റെ വേദിയിൽ മറ്റൊരു കുടുംബത്തിന്റെ കണ്ണീരൊപ്പാൻ സഹായധനം കൈമാറിയത് സാമൂഹിക ഉത്തരവാദിത്വത്തിന്റെയും സഹജീവിസ്നേഹത്തിന്റെയും മാതൃകയായി.
ചടങ്ങിൽ കർണാടക മന്ത്രി റിസ്‌വാൻ അർഷാദ്, എൻ.എ. ഹാരിസ് എംഎൽഎ, ‘ഒപ്പം’ സ്കീം ചെയർമാൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, ‘ഒപ്പം’ സ്കീം ജനറൽ സെക്രട്ടറി ഡോ. അമീറലി, മുസ്ലിം ലീഗ് ദേശീയ ഭാരവാഹി സിറാജ് സേട്ട്, മലബാർ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എൻ.എ. മഹമൂദ്, കോൺഗ്രസ് നേതാവ് ബാവ, ബ്ലാത്തൂർ അബൂബക്കർ ഹാജി, എഐകെഎംസിസി ദേശീയ പ്രസിഡന്റ് കുഞ്ഞിമോൻ ഹാജി, ദേശീയ ജനറൽ സെക്രട്ടറി എം.കെ. നൗഷാദ്, ദേശീയ സെക്രട്ടറി നാസർ നിലസന്ദ്ര, എഐകെഎംസിസി ബാംഗ്ലൂർ പ്രസിഡന്റ് ഉസ്മാൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രയാസപ്പെടുന്നവരുടെ കണ്ണീരിൽ പ്രതീക്ഷയുടെ വെളിച്ചം പകരുക, വേദനിക്കുന്നവരുടെ കൂടെ നിൽക്കുക — അതാണ് ‘ഒപ്പം’.
കൂടുതൽ കുടുംബങ്ങളിലേക്ക് കരുതലിന്റെ ഈ കൈത്താങ്ങ് എത്തിക്കാനുള്ള ദൗത്യവുമായി ‘ഒപ്പം’ സോഷ്യൽ സെക്യൂരിറ്റി സ്കീം മുന്നോട്ടുപോകുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
