ഖാർഘർ: ഖാർഘർ കേരള സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഖാർഘർ ഓണം 2026’ വർണാഭമായ പരിപാടികളോടെ ശ്രദ്ധേയമായി. മലയാളി സമൂഹത്തിന്റെ വിപുലമായ പങ്കാളിത്തത്തോടെ നടന്ന ആഘോഷം സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും കേരളീയ സംസ്കാരത്തിന്റെയും മനോഹരമായ വേദിയായി.
വിഭവസമൃദ്ധമായ ഓണസദ്യ, വിവിധ കലാപരിപാടികൾ, ആവേശകരമായ മത്സരങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. പ്രാദേശിക മലയാളി കലാകാരന്മാരുടെ അവതരണങ്ങൾക്കൊപ്പം ആലപ്പി ഫോക് ഇന്ത്യ നാട്യമഞ്ചിന്റെ പ്രത്യേക കലാപ്രകടനവും ശ്രദ്ധേയമായി.

കുട്ടികളും യുവാക്കളും വനിതകളും മുതിർന്നവരും ഉൾപ്പെടെ വിവിധ പ്രായക്കാരുടെ സജീവ പങ്കാളിത്തമാണ് ആഘോഷത്തിന്റെ പ്രധാന പ്രത്യേകത. വടംവലി ഉൾപ്പെടെയുള്ള മത്സരങ്ങൾ ആവേശകരമായ മുഹൂർത്തങ്ങൾ സമ്മാനിച്ചു.
കേരളത്തിന്റെ തനത് പാരമ്പര്യവും പ്രവാസി മലയാളികളുടെ കൂട്ടായ്മയും ഒരേ വേദിയിൽ സംഗമിച്ച ആഘോഷം ഖാർഘറിലെ മലയാളി സമൂഹത്തിന് വേറിട്ട അനുഭവമായി.
പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച കമ്മിറ്റി അംഗങ്ങൾ, കലാകാരന്മാർ, വളണ്ടിയർമാർ, സഹകരിച്ച കുടുംബങ്ങൾ, പിന്തുണ നൽകിയ മുഴുവൻ മലയാളി സമൂഹം എന്നിവർക്കും ഖാർഘർ കേരള സമാജം നന്ദി അറിയിച്ചു.
‘ഒരുമയുടെ ഓണം, സ്നേഹത്തിന്റെ ഓണം, ആഘോഷത്തിന്റെ ഓണം’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച ‘ഖാർഘർ ഓണം 2026’ മലയാളി സമൂഹത്തിന് മറക്കാനാകാത്ത ഓർമ്മയായി മാറി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
