മുംബൈയിൽ ഏറ്റവും കൂടുതൽ കലാസാംസ്‌കാരിക പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശമാണ് ഡോംബിവ്‌ലി. മുംബൈയിലെ മറ്റ് പ്രദേശങ്ങളെ താരതമ്യം ചെയ്താൽ ഏറ്റവും കൂടുതൽ മലയാളികൾ വസിക്കുന്ന പ്രദേശവും ഡോംബിവ്‌ലി തന്നെ. നല്ല ആസ്തിയുള്ള, എഴുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ ഏഷ്യയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയാണ് ഡോംബിവ്‌ലി കേരള സമാജം.
ഡോംബിവ്‌ലി ആസ്ഥാനമാക്കി രമേശ് അയ്യർ ഒരുകൂട്ടം കലാസ്നേഹികളുടെ സഹകരണത്തോടെ തൊണ്ണൂറുകളിൽ തുടങ്ങി വെച്ചതാണ് ‘രാഗസുധ’ എന്ന സംഘടന. വർഷം തോറും ദാസേട്ടൻ, ജയേട്ടൻ അടക്കമുള്ള പ്രഗത്ഭരുടെ സംഗീതനിശകൾ എൻട്രീ ഫീ ഒന്നുമില്ലാതെ നിറഞ്ഞ സദസ്സിൽ ‘രാഗസുധ’ നടത്താറുണ്ടായിരുന്നു. നിർഭാഗ്യവശാൽ ഏതാനും വർഷങ്ങളുടെ ആയുസ്സേ ‘രാഗസുധ’യ്ക്ക് ഉണ്ടായിരുന്നുള്ളു.
പക്ഷെ 1999-ൽ ‘രാഗസുധ’യിലെ ഏതാനും പ്രവർത്തകർ ഒത്തുകൂടി മുംബൈയുടെ ചരിത്രത്തിൽ ആദ്യമായി ‘മുംബൈ പൂരം’ കൊണ്ടാടി. നാട്ടിൽ നിന്നും ആനകളെയും വാദ്യ കലാകാരന്മാരെയും അണിനിരത്തിയാണ് ഡോംബിവ്‌ലിയിൽ ‘മുംബൈ പൂരം’ കൊണ്ടാടിയത്. ഇത് ഒരു ഗംഭീര വിജയമായിരുന്നു. ഭാരിച്ച ചെലവുകൾ കാരണം പിന്നീട് അത് നടത്താൻ സാധിച്ചില്ല. പക്ഷെ ഈ പ്രവർത്തകരുടെ ആവേശം തീർന്നിരുന്നില്ല. 2011 നവംബറിൽ വീണ്ടും ‘മുംബൈ പൂരം’ അരങ്ങേറി. ഇതോടനുബന്ധിച്ചു 11.11.11 ന് ചരിത്രത്തിൽ ആദ്യമായി രണ്ടായിരത്തോളം സ്ത്രീകളെ അണിനിരത്തി ഒരു മെഗാ കൈകൊട്ടിക്കളി ഡോംബിവ്‌ലി എം. ഐ. ഡി. സി. മൈതാനത്തു നടത്തി. ഇതിന് ലിംകാ ബുക്ക്സ് ഓഫ് അവാർഡും ലഭിച്ചു.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഈ പരിപാടി ഒരു വ്യത്യസ്ത രീതിയിൽ അവതരിപ്പിക്കണമെന്ന് ശ്രീ. രമേശ് അയ്യർക്ക് ആഗ്രഹമുണ്ടായിരുന്നു. അത് പ്രകാശം ഒരു ദിവസം ഞങ്ങൾ കഞ്ചൂർമാർഗിൽ വെച്ച് കണ്ടുമുട്ടി എന്താണ് പ്ലാൻ ചെയ്യേണ്ടതെന്ന് അന്യോന്യം സംസാരിച്ചു. എൻ്റെ മനസ്സിൽ ഒരാഗ്രഹം ഉണ്ടായിരുന്നു, ദാസേട്ടനെ ക്ഷണിച്ചു വരുത്തി മുംബയിലെ എല്ലാ സംഗീത കലാകാരന്മാരും ഒത്തുചേർന്ന് ദാസേട്ടന്റെ പാദപൂജ ചെയ്യണമെന്ന്. രമേശിന് ഈ അഭിപ്രായം ഒത്തിരി ഇഷ്ടപ്പെട്ടു. ഒരാഴ്ചക്കുള്ളിൽ ഇതിന് ഒരു തീരുമാനം ഉണ്ടാക്കാം എന്നുറപ്പിച്ചു ഞങ്ങൾ പിരിഞ്ഞു. ദാസേട്ടനുമായി സംസാരിച്ചപ്പോൾ അദ്ദേഹം നമ്മൾ തീരുമാനിച്ച ദിവസം ഇന്ത്യയിൽ ഉണ്ടാവില്ല എന്ന് മനസ്സിലായി. നമ്മൾ എല്ലാവരും നിരാശരായി. പക്ഷെ ആഗ്രഹം വിട്ടില്ല. നാല് തലമുറകളെ സംഗീതം പഠിപ്പിച്ചു പാട്ട് പാടിച്ച സാക്ഷാൽ ശ്രീ. ദക്ഷിണാമൂർത്തി സ്വാമിയെ ക്ഷണിക്കാൻ തീരുമാനിച്ചു. സ്വാമി, ഭാര്യാ സമേതം പരിപാടിയിൽ പങ്കെടുക്കാം എന്ന് അറിയിച്ചു. ഇതിലും വലിയ സന്തോഷമുണ്ടാകാനുണ്ടോ? ഞങ്ങളെല്ലാവരും അമിതാവേശത്തിലായി. ഗുരുപാദപൂജയും, സ്വാമിയുടെ സാന്നിധ്യത്തിൽ അദ്ദേഹം സംഗീതം ചെയ്‌തു അനശ്വരമാക്കിയ തിരഞ്ഞെടുത്ത ഗാനങ്ങളും കോർത്തിണക്കി ഗാനമേള അവതരിപ്പിക്കാനും തീരുമാനമായി.
ആ സമയത്തു ഞാൻ ജോലി ചെയ്തിരുന്ന ഫ്‌ളൈജാക്ക് ലോജിസ്റ്റിക്സ് (ഒരു ഹിറ്റാച്ചി ട്രാൻസ്‌പോർട് സിസ്റ്റം ഗ്രൂപ്പ്) കമ്പനിയുടെ എച്. ആർ. കോൺഫറൻസിൽ പങ്കെടുക്കാൻ ഒരാഴ്ചത്തേക്ക് എനിക്ക് ജപ്പാനിൽ പോകേണ്ടിയിരുന്നു. ടോക്യോവിലും യോക്കോഹാമയിലും ആയിരുന്നു കോൺഫറൻസ്. ഐറ്റിനരി ചെക്ക് ചെയ്തപ്പോൾ, ഭാഗ്യവശാൽ, ഗുരുപാദപൂജ നടത്തുന്ന ദിവസം രാവിലത്തെ ഫ്ലൈറ്റിൽ എനിക്ക് മുംബയിൽ എത്താൻ സാധിക്കുമെന്ന് മനസ്സിലായി. അന്ന് രാവിലെ സമയത്തിന് ടോക്കിയോ ഫ്ലൈറ്റിൽ മുംബൈയിൽ എത്തി, എയർപോർട്ടിൽ നിന്ന് നേരെ വീട്ടിൽ വന്ന് ഫ്രഷ് ആയി ഡ്രസ്സ് മാറി ഹാർമോണിയവുമായി ഞാൻ ഡോംബിവ്‌ലിയിലേക്ക് പുറപ്പെട്ടു. പാടുന്ന പാട്ടുകളെ പറ്റിയും ആരൊക്കെ പാടണമെന്നും ജപ്പാനിലേക്ക് പോകുന്നത്തിന് മുൻപ് തന്നെ തീരുമാനിച്ചു റിഹേർസലുകൾ നടത്തിയിരുന്നു.
ഡോംബിവ്‌ലി ഈസ്റ്റിലെ എം.ഐ.ഡി.സി. മൈതാനത്തിന് സമീപമുള്ള സാവിത്രിഭായ് ഫുലെ ഹാളിലാണ് പരിപാടി. ദക്ഷിണാമൂർത്തി സ്വാമി പങ്കെടുക്കുന്നത് കാരണം ഹാൾ കണികളെക്കൊണ്ട് നിറഞ്ഞിരുന്നു. സമയത്തിന് പരിപാടി തുടങ്ങി. ദക്ഷിണാമൂർത്തി സ്വാമിയെയും പത്നിയേയും ഭയഭക്തിബഹുമാനത്തോടെ സ്റ്റേജിൽ പ്രത്യേകം സജ്ജമാക്കിയ ഭംഗിയുള്ള രണ്ടു കസേരകളിൽ ഇരുത്തി, സംഗീത പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ ഗായകരും സംഗീതജ്ഞരും ഓരോരുത്തരായി സ്വാമിയുടെ കാൽ കഴുകി ഗുരുപാദപൂജ നടത്തി. വിച്ചു അയ്യരും സംഘവും ഒരുക്കിയ ഓർക്കസ്ട്രയുടെ അകമ്പടിയോടെ ഞങ്ങൾ നാലു ഗായകർ (അനു ശ്യാം, മധു നമ്പ്യാർ, വിജയകുമാർ, പ്രേംകുമാർ) സ്വാമിയുടെ ഏറ്റവും പ്രസിദ്ധിയാർജ്ജിച്ച ഗാനങ്ങൾ ഓരോന്നായി അവതരിപ്പിച്ചു. സ്വാമിയും പത്നിയും ഓരോ പാട്ടും ശ്രദ്ധിച്ചു ആസ്വദിക്കുന്നുണ്ടായിരുന്നു. ഞങ്ങൾക്കെല്ലാവർക്കും അത് ഒരു ഊർജ്ജമായി. ഞങ്ങൾ ഉദ്ദേശിച്ച പ്രകാരം തന്നെ ഗുരുപാദപൂജ നടത്താൻ സാധിച്ചതിൽ എല്ലാവരും സംതൃപ്തരായി.
പിറ്റത്തെ വര്ഷം, അതായതു 2012-ൽ, മുംബൈ പൂരത്തിന് 2643 സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ട് വീണ്ടും ഒരു മെഗാ കൈകൊട്ടിക്കളി അരങ്ങേറിയത് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ചു. ഈ ഒരു സുവർണ്ണ കാലഘട്ടം ഇനി തിരിച്ചു കൊണ്ടുവരാൻ സാധിക്കുമോ ആവോ?
പ്രേംകുമാർ മുംബൈ