അംബർനാഥ് എസ് എൻ ഡി പി ശാഖ സംഘടിപ്പിച്ച ചതയദിനാഘോഷ ചടങ്ങാണ് വേദി. തൊഴില്‍ സംസ്കാരം വളര്‍ത്തിയെടുത്ത നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിന്റെ 170-ാം ജന്മ ദിനാഘോഷ ചടങ്ങിൽ സ്ഥലം എം എൽ എ ഡോ ബാലാജി കിണിക്കർ മുഖ്യാതിഥിയായിരുന്നു. കൂടാതെ പ്രാദേശിക നേതാക്കളും വിശിഷ്ടാതിഥികളായി വേദിയിലുണ്ടായിരുന്നു.
കലുഷമായ കാലത്ത് ഓരോ ചതയദിനവും കടന്നുവരുന്നത് സാന്ത്വനവും ആശ്വാസവുമായാണ് . ഗുരുവിന്‍റെ ജയന്തിദിനം വിപുലമായ ജനപ്രാതിനിധ്യത്തോടെയാണ് മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി കൊണ്ടാടുന്നത്.
അദ്ധ്യക്ഷ പ്രസംഗത്തിനിടെയാണ് എം പി അജയകുമാർ പ്രദേശത്തെ സാമൂഹിക പ്രശ്നങ്ങൾ ജനപ്രതിനിധികളുടെ ശ്രദ്ധയിൽ പെടുത്തിയത്. കുടിവെള്ള പ്രശ്നം കൂടാതെ പൊതുവിടങ്ങളിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള സംവിധാനങ്ങളുടെ അഭാവവും ശാഖ പ്രസിഡന്റ് എം പി അജയ്‌കുമാർ ചൂണ്ടിക്കാട്ടി. പ്രദേശവാസികൾ കാലങ്ങളായി നേരിടുന്ന പ്രശ്നങ്ങളാണെന്നും എത്രയും പെട്ടെന്ന് ശ്വാശത പരിഹാരം കണ്ടെത്തി ജനജീവിതം സുഗമമാക്കണമെന്നും ജനപ്രതിനിധികളോട് വേദിയിൽ അഭ്യർത്ഥിക്കുകയായിരുന്നു. അജയകുമാർ മുന്നോട്ട് വച്ച ആവശ്യങ്ങൾ കരഘോഷത്തോടെയാണ് സദസ്സ് പിന്താങ്ങിയത്. ഇതോടെ ചടങ്ങിൽ വച്ച് ഉന്നയിച്ച പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം തേടുകയായിരുന്നു എം എൽ എ ബാലാജി കിണിക്കർ. വേദിയിലിരുന്ന് തന്നെ ബന്ധപ്പെട്ടവരുമായി സംസാരിച്ച എം എൽ എ ഒരാഴ്ചക്കകം പ്രശ്ന പരിഹാരം കണ്ടിരിക്കുമെന്ന് സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഉറപ്പും നൽകി.
സംഘടിച്ച് ശക്തരാകുക, വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ഗുരു സന്ദേശം സമൂഹത്തിൽ മാറ്റം കൊണ്ടുവരുന്നതിൽ വഹിച്ച പങ്കിന്റെ പ്രത്യക്ഷമായ ഉദാഹരണത്തിന് സാക്ഷിയാകുകയായിരുന്നു അംബർനാഥിൽ നടന്ന ചതയദിനാഘോഷ വേദി.
പൊതുസമ്മേളനത്തിൽ എസ് എൻ ഡി പി യോഗം മുംബൈ താനെ യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ, യൂണിയൻ കൗൺസിൽ മെമ്പർ ജി ശിവരാജൻ, എസ് എൻ ഡി പി വനിതാ സംഘം പ്രസിഡന്റ് സുമ രഞ്ജിത്, ആംചി മുംബൈ ഡയറക്ടർ പ്രേംലാൽ തുടങ്ങിയവർ വേദി പങ്കിട്ടു
തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.