കഴിഞ്ഞ 20 വർഷമായി മുംബൈ ഉപനഗരമായ കല്യാണിലാണ് മഞ്ജുള അയ്യർ താമസിക്കുന്നത്. 55 വയസ്സാണ്.
തൃശൂരിൽ കുടുംബ വേരുള്ള മഞ്ജുള ജനിച്ച് വളർന്നത് മുംബൈയിലാണ്. വിവാഹിതയാണെങ്കിലും മൂന്ന് മാസത്തിനകം ബന്ധം വേർപിരിഞ്ഞു. വിവാഹമോചനത്തിന് ശേഷം ഒറ്റയ്ക്കുള്ള ജീവിതം. താമസിക്കാൻ കല്യാണിൽ ഒരു ഫ്ലാറ്റും ജീവിക്കാനുള്ള പണം ബാങ്കിലും മഞ്ജുളക്കായി നൽകിയാണ് അച്ഛൻ വിട പറഞ്ഞത്. തൊട്ടടുത്ത ഫ്ലാറ്റിൽ താമസിച്ചിരുന്ന ബന്ധുവായിരുന്നു കെട്ടിടത്തിലെ ഏക ആശ്രയം. എന്നാൽ രണ്ടു വർഷം മുൻപ് ബന്ധുവും വിട പറഞ്ഞതോടെ ഒറ്റപ്പെട്ട ജീവിതം.
ബന്ധുക്കളാരും മുംബൈയിൽ ഇല്ലെന്നാണ് മഞ്ജുള പറയുന്നത്. ഒരു സഹോദരി ഒറ്റപ്പാലത്തും സഹോദരൻ യു കെ യിലുമുണ്ട് . മറ്റൊരു സഹോദരി അമേരിക്കയിലാണ്. എന്നാൽ ആരുമായും ബന്ധമൊന്നുമില്ല. കല്യാണിലെ താമസ സമുച്ചയത്തിലും ഏകാന്ത ജീവിതമാണ് മഞ്ജുള നയിച്ചിരുന്നത്. തൊട്ടടുത്ത ഫ്ലാറ്റിലുള്ളവരോട് പോലും പുലർത്തിയിരുന്ന നിസംഗതാ മനോഭാവം ജീവിതം നാല് ചുമരുകൾക്കുള്ളിലേക്ക് ചുരുക്കി.
വിശക്കുമ്പോൾ കെട്ടിടത്തിൽ നിന്നും താഴെയിറങ്ങി വഴിയോരത്ത് നിന്ന് വടാ പാവ് വാങ്ങി കഴിക്കും. ഇടക്ക് സമോസ പാവും. കാലങ്ങളായി ഇതാണ് ശീലം. ചിലപ്പോൾ വാങ്ങി കൊണ്ട് വന്നാലും കഴിക്കാതെ തന്നെ മയക്കത്തിലേക്ക് വീഴും. കാലിലെ മുറിവ് പഴുത്ത് പരിസരം മുഴുവനും ദുർഗന്ധമാണ്. ഫ്ളോറിലും സ്റ്റെയർകേസിലുമെല്ലാം സൊസൈറ്റി ഡെറ്റോൾ തളിച്ചാണ് പ്രതിരോധിക്കുന്നത്. കടുത്ത വേദനയിൽ പലപ്പോഴും അലറി കരയുമെങ്കിലും ആരും തിരിഞ്ഞു നോക്കാറില്ല. കെട്ടിടത്തിലെ താമസക്കാരെല്ലാം മഹാരാഷ്ട്രക്കാരാണ്.

അവസാനം മഞ്ജുള താമസിക്കുന്ന സൊസൈറ്റിയിലെ ചെയർമാനാണ് സീൽ ആശ്രമത്തിന്റെ സഹായം തേടിയത്. മഴയെത്തും മുൻപേ ക്യാമ്പയിനെ കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത കണ്ടാണ് സീൽ ആശ്രമത്തെ കുറിച്ച് ഇവർ അറിയാനിടയായത്.
അങ്ങിനെയാണ് പാസ്റ്റർ ഫിലിപ്പും റെസ്ക്യൂ ടീമും കല്യാണിലെ താമസ സ്ഥലത്തെത്തുന്നത്.
ഫ്ലാറ്റിൽ ചെന്ന് കണ്ടപ്പോൾ മഞ്ജുള അവശ നിലയിലായിരുന്നുവെന്നും പരിതാപകരമായ അവസ്ഥയിലായിരുന്നു മഞ്ജുള കിടന്നിരുന്നതെന്നും പാസ്റ്റർ പറഞ്ഞു.
മഞ്ജുളയെ സീൽ ആശ്രമത്തിൽ കൊണ്ട് വന്ന് മുടിവെട്ടി, കുളിപ്പിച്ച ശേഷം എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടുകയായിരുന്നു.
ഇനിയിപ്പോൾ ബന്ധുക്കളെ കണ്ടെത്തണം. എന്നാൽ തിരികെ കല്യാണിലേക്ക് പോകാനാണ് മഞ്ജുളയ്ക്ക് താല്പര്യം. തനിക്ക് ആരുടെയും സഹായം വേണ്ടെന്ന മനോഭാവമാണ് സംസാരിക്കുമ്പോൾ പ്രകടിപ്പിച്ചത്.
നഗരത്തിൽ വർധിച്ചു വരുന്ന ഒറ്റപ്പെട്ട ജീവിതങ്ങൾ വലിയ ആശങ്കയാണ് ഉയർത്തുന്നതെന്ന് പാസ്റ്റർ ഫിലിപ്പ് പറയുന്നു.
ജീവിത സായാഹ്നത്തിൽ നിസ്സഹായാവസ്ഥയിലായവർക്കും അഭയകേന്ദ്രമാണ് സീൽ ആശ്രമം.

ഓർമ്മ നഷ്ടപ്പെട്ട് തെരുവിൽ അലഞ്ഞു നടന്ന മലയാളികൾ അടക്കമുള്ളവർ ഇവിടെയുണ്ട്. അങ്ങിനെയാണ് ഭാസ്കരനും, തോമസും, ഹരിദാസും സീൽ ആശ്രമത്തിലെത്തുന്നത്. വീട്ടിൽ നിന്നിറങ്ങി നടന്നതാണെങ്കിലും തിരികെ പോകാൻ കഴിയുന്നില്ല. ഒന്നും ഓർത്തെടുക്കാൻ കഴിയാത്ത അവസ്ഥയിലും മടങ്ങി പോകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവരെല്ലാം.
നിലവിൽ 365 അന്തേവാസികൾക്ക് അഭയം നൽകിയ ആശ്രമം ഇതിനകം 542 പേർക്കാണ് വീടുകളിലേക്ക് മടങ്ങി പോകാൻ തുണയായത് .
കരുതലിന്റെയും സ്നേഹസ്പർശത്തിന്റെയും ആൾരൂപമായി മഹാനഗരത്തിലെ തെരുവോരങ്ങളിൽ കണ്ണും കാതും കൂർപ്പിച്ചിരിക്കുന്ന മനുഷ്യസ്നേഹിയാണ് പാസ്റ്റർ ഫിലിപ്പ്.
നിരാലംബർക്ക് ആശ്രയമായ സീൽ ആശ്രമത്തിൽ നിരവധി പേരാണ് പ്രതീക്ഷയോടെ ഉറ്റവരെയും കാത്തിരിക്കുന്നത്
- ഡോ. ഉമ്മൻ ഡേവിഡിന് ഐഡിയൽ ടീച്ചർ അവാർഡ്
- കൊല്ലത്ത് നിന്ന് കാണാതായ അമ്മയെയും രണ്ട് മക്കളെയും തമിഴ്നാട്ടിൽ കണ്ടെത്തി
- മഹാരാഷ്ട്രയിലെ നാസിക്, പാൽഘർ, ഹിംഗോളി ജില്ലകളിൽ ഭൂചലനം അനുഭവപ്പെട്ടു.
- ഓപ്പറേഷൻ തൂഫാൻ: രമേശ് ചെന്നിത്തലയ്ക്ക് മുംബൈ മലയാളി സമൂഹത്തിന്റെ ആദരം
- ധർമ്മേന്ദ്ര പ്രധാന്റെ രാജി; ഒരു പാറ്റ ഒരു സ്വേച്ഛാധിപതിയെ വീഴ്ത്തിയെന്ന് താക്കറെയുടെ പരിഹാസം
