മുംബൈയിൽ ഹ്യുമൻ റിസോഴ്സ് റിക്രൂട്ട്മെന്റ് സേവന രംഗത്ത് കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ് മേധാവിയാണ് ഡോ സുരേഷ് കുമാർ മധുസൂദനനാണ് വിജയമെന്നത് കൈയ്യെത്തിപ്പിടിക്കാവുന്ന നേട്ടമാണെന്നും തൊഴിലിൽ ആത്മാർഥതക്ക് വലിയ സ്ഥാനമാണുള്ളതെന്നും പറയുന്നത്.
കൊച്ചിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ദി പ്രോഫിറ്റ് മാഗസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് വ്യത്യസ്ത മേഖലകളിൽ സജീവമായ ഡോ സുരേഷ് കുമാർ മനസ്സ് തുറന്നത്.
ജീവിതത്തിൽ ഏതു മേഖലയിലാണെങ്കിലും ആത്മാർഥത കൈവിടാതെ പരിശ്രമിച്ചാൽ വിജയം സുനിശ്ചിതമെന്നാണ് സുരേഷ് കുമാർ അനുഭവത്തിന്റെ വെളിച്ചത്തിൽ വ്യക്തമാക്കുന്നത്. സംരഭകത്തിലും വ്യക്തി ജീവിതത്തിലും വിജയിക്കുവാൻ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൈം മാനേജ്‌മന്റ്, കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള മനോഭാവം തുടങ്ങി നിരവധി വിഷയങ്ങളാണ് ലക്ഷ്മി നാരായണൻ തയ്യാറാക്കിയ അഭിമുഖത്തിൽ പ്രതിപാദിക്കുന്നത്.
എൺപതുകളിൽ കേവലം 50 ചതുരശ്ര അടി ഓഫീസിൽ നിന്നും ഇന്ന് ലോകമെമ്പാടും വ്യാപിച്ച സീഗൾ ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ അമരത്തിരിക്കുമ്പോൾ സ്വപ്നങ്ങളെ യാഥാർത്ഥമാക്കിയ മുംബൈ നഗരത്തെയും സുരേഷ് കുമാർ ചേർത്ത് പിടിക്കുന്നു.
കൊറോണക്കാലം പുതിയ കാര്യങ്ങൾ പഠിക്കാനും മുന്നേറാനുമുള്ള അവസരമായാണ് സുരേഷ് കുമാർ മധുസൂദനനും കൂട്ടരും കണ്ടത്. സാങ്കേതികപരമായ മികച്ച സാദ്ധ്യതകൾ പ്രയോഗികമാക്കിയാണ് ഇക്കാലം വിനിയോഗിച്ചത്.
വിദ്യ കൊണ്ട് പ്രബുദ്ധരാവുക, സംഘടിച്ച് ശക്തരാകുക, വ്യവസായത്തിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം നേടുക എന്ന ഗുരുദർശനം യാഥാർഥ്യമാക്കി പ്രവർത്തിക്കുന്നതിനോടൊപ്പം ഗുരു ചിന്തകളും സന്ദേശങ്ങളും ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിലും ശ്രദ്ധ നേടിയിട്ടുണ്ട്.