2005 കാലഘട്ടം. ആ സമയം ഞാൻ മുംബൈയിലെ നരിമാൻ പോയിന്റിലെ ‘നിർമൽ’ ബിൽഡിങ്ങിൽ പതിനാറാം നിലയിൽ ഓഫീസുള്ള ടി.സി.ഐ. ടെലിനെറ്റ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ നാഷണൽ ഹെഡ് – ടെലികോം പ്രോജെക്ടസ് എന്ന പോസ്റ്റിൽ ജോലി ചെയ്യുന്ന കാലം. ഇന്ത്യയിൽ എങ്ങും മൊബൈൽ ടവർ നിർമ്മിച്ചു അതിനെ പ്രവർത്തനക്ഷമമാക്കുന്ന ജോലി. ഇന്ത്യയിലെ പല നഗരങ്ങളിലും യാത്ര ചെയ്യാൻ ഈ ജോലി സഹായകരമായി. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കേരളം, പഞ്ചാബ്, പശ്ചിമ ബംഗാൾ, സിക്കിം എന്നീ സംസ്ഥാനങ്ങളിൽ ടവറുകൾ നിർമ്മിക്കാൻ എനിക്ക് ഭാഗ്യം സിദ്ധിച്ചു. ഏഴു വർഷങ്ങൾ കൊണ്ട് ആയിരത്തോളം ടവറുകൾ എനിക്കും എൻറെ ടീം അംഗങ്ങൾക്കും പൂർത്തിയാക്കാൻ സാധിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ മൊബൈൽ ഫോണുകളുടെ ആവശ്യകതക്ക് ഈ ടവറുകൾ ഉപകാരപ്രദമാകുന്നു എന്ന് അറിയുന്നതിൽ അതിയായ സന്തോഷമുണ്ട്. രാജ്യത്തിൻറെ അഭിവൃദ്ധിയിൽ ചെറിയൊരു ഭാഗഭാക്കാകാൻ സാധിച്ചതിൽ ചാരിതാർഥ്യവും.
പ്രൊജക്റ്റ് സംബദ്ധമായ കാര്യങ്ങൾക്ക് എല്ലാ മാസവും നാലഞ്ച് ദിവസം ഞാൻ കൊൽക്കത്ത സന്ദർശിക്കുമായിരുന്നു. കൊൽക്കത്തയിൽ നിന്ന് സിലിഗുഡി, കലിംപോങ്, ഡാര്ജിലിങ്, സിക്കിം, ബംഗ്ലാദേശ് ബോർഡർ എന്നിവിടങ്ങളിൽ ടവർ നിർമ്മാണവുമായി ബന്ധപ്പെട്ട് പോകുമായിരുന്നു. ഒരു ദിവസം സൈറ്റ് വിസിറ്റ് കഴിഞ്ഞു കൊൽക്കത്ത ഓഫീസിൽ തിരിച്ചെത്തി. അന്ന് വൈകീട്ട് 7.45 നുള്ള ‘എയർ ഡെക്കൻ’ ഫ്ലൈറ്റിൽ എനിക്ക് മുംബൈയിലേക്ക് തിരിച്ചു വരണം. വൈകീട്ട് നാലു മണിയോടെ ഞാൻ കൊൽക്കത്ത ഓഫീസിൽ എത്തി. അവിടെ ഞങ്ങളുടെ പ്രോജെക്ടിനെ സഹായിക്കുന്ന സിവിൽ, എലെക്ട്രിക്കൽ കോൺട്രാക്ടർമാർ എന്നെ കാത്തിരിക്കുകയായിരുന്നു. ഓരോ സൈറ്റിലെയും പ്രവർത്തന റിപ്പോർട്ട് ചർച്ച ചെയ്യാൻ വേണ്ടിയായിരുന്നു അവർ കാത്തിരുന്നത്. ഓരോരുത്തരുമായും ഞാൻ വിശദമായി കാര്യങ്ങൾ ചർച്ച ചെയ്തു. കൊൽക്കത്ത ഓഫീസിൽ നിന്ന് ടാക്സി പിടിച്ചു ഐർപ്പോർട്ടിലേക്കെത്താൻ അര മണിക്കൂർ വേണം. അതുകൊണ്ട് അഞ്ചരയ്ക്ക് ഓഫീസിൽ നിന്നും ഇറങ്ങാൻ ഞാൻ തീരുമാനിച്ചു. മീറ്റിംഗിൽ പങ്കെടുക്കുന്ന എല്ലാവരോടും ഞാൻ ഇത് പറയുകയും ചെയ്തു.
അപ്പോഴാണ് അറിയുന്നത് പിറ്റേ ദിവസം ‘കൊൽക്കത്ത ബന്ദാ’ണെന്ന്. ടാക്സികളും, റിക്ഷകളും നേരത്തെ ജോലി നിർത്തി വീട് പിടിച്ചിരുന്നു.
മീറ്റിംഗിൽ ചില കോൺട്രാക്ടർമാർ അനാവശ്യമായി സമയം പാഴാക്കുന്നുണ്ടോ എന്ന് എനിക്ക് സംശയം തോന്നി. അവരുടെ എല്ലാവിധ പ്രശ്നങ്ങളും സംശയങ്ങളും അപ്പോൾ തന്നെ ചർച്ച ചെയ്തു ഒരു തീരുമാനം എടുക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. എന്നെക്കൊണ്ട് ചെയ്യാൻ പറ്റാവുന്നതെല്ലാം ഞാൻ ചെയ്തു. ചില കാര്യങ്ങൾ എനിക്ക് മുംബൈയിൽ വന്ന് ഡയറക്ടർ ബോർഡിൽ അവതരിപ്പിച്ചു വേണം അനുവാദം വാങ്ങാൻ. അതുകാരണം ഞാൻ അതിനുള്ള സമയം ചോദിച്ചു. അവർ അത് അനുസരിക്കാൻ തയ്യാറല്ലായിരുന്നു. പ്രശ്നം വഷളാവും എന്ന് മനസ്സിലാക്കിയ ഞാൻ രണ്ടും കൽപ്പിച്ചു ഓഫീസിൽ നിന്നും എൻ്റെ ബാഗുമായി ഇറങ്ങി മൈൻറോഡിൽ എത്തി. ഒരു ടാക്സിയെയും കാണാനില്ല. സമയം ഏഴു മണിയാകാറായി.
അപ്പോഴാണ് അറിയുന്നത് പിറ്റേ ദിവസം ‘കൊൽക്കത്ത ബന്ദാ’ ണെന്ന്. അതിനാൽ കുറെ ടാക്സികളും, റിക്ഷകളും നേരത്തെ അവരുടെ ജോലി നിർത്തി വീട് പിടിച്ചിരുന്നു. ഞാനാണെകിൽ ഹോട്ടലിലെ മുറി രാവിലെ തന്നെ ചെക്ക് ഔട്ട് ചെയ്തിരുന്നു. ബന്ദ് ദിവസം കൊൽക്കത്തയിൽ ഹോട്ടലുകളും, റെസ്റ്റാറന്റുകളും, ലോഡ്ജുകളും, ടാക്സികളും, റിക്ഷകളും ഒന്നും പ്രവർത്തിക്കില്ല. റോഡുകൾ വിജനമായിരിക്കും. ഇന്നത്തെ ഫ്ലൈറ്റ് പിടിച്ചില്ലെങ്കിൽ ഞാൻ നന്നായി ബുദ്ധിമുട്ടും.
ഇങ്ങനെയെല്ലാം ആലോചിച്ചു നിൽക്കുമ്പോൾ ഭാഗ്യത്തിന് ഒരു റിക്ഷ കിട്ടി. പെട്ടെന്നു എയർപോർട്ടിലേക്ക് വിടാൻ പറഞ്ഞു. 7.25 ന് എയർപോർട്ട് ഡിപ്പാർച്ചർ ലോബിയിൽ എത്തി. ബാഗുമായി ബോർഡിങ് പാസ്സ് കൗണ്ടറിലേക്ക് ഓടി. ഇനി എൻ്റെ ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യാൻ 15 മിനിറ്റ് മാത്രമേ ബാക്കിയുള്ളു. കൗണ്ടറിൽ എത്തുമ്പോൾ അവിടെ ഭയങ്കര ബഹളം. എയർ ഡെക്കാൻ ഫ്ലൈറ്റിൽ മുംബൈയിലേക്ക് വരാൻ പത്തോളമടങ്ങുന്ന ഒരു ഗ്രൂപ്പ് കൗണ്ടറിൽ വഴക്കടിക്കുകയാണ്. കൺഫേമായിട്ടുള്ള ടിക്കറ്റ്സും അവരുടെ കൈയ്യിലുണ്ട്. പക്ഷെ ബോർഡിങ് പാസ്സ് കിട്ടിയിട്ടില്ല. ഈ ബഹളത്തിനിടയിൽ ഞാൻ എൻ്റെ ടിക്കറ്റ് കൌണ്ടർ-സ്റ്റാഫിന് കൊടുത്തു. അവർ അത് നോക്കി സൈഡിൽ മാറ്റി വെച്ചു, വീണ്ടും വഴക്കിൽ പങ്കാളിയായി. അപ്പോൾ അവർക്ക് ഒരു ഫോൺകാൾ വന്നു. അത് ഫ്ലൈറ്റിൽ നിന്നാണ് എന്ന് മനസ്സിലായി. ഫ്ലൈറ്റിൽ ഒരു സീറ്റ് ഉണ്ടെന്നും, പാസഞ്ചർ ആരെങ്കിലും ബാക്കിയുണ്ടെങ്കിൽ ഒരു ബോർഡിങ് പാസ്സ് കൊടുക്കാമെന്നുമായിരുന്നു ആ ഫോൺ കാൾ സന്ദേശം. ഏതാനും മിനിറ്റുകൾ കഴിഞ്ഞു എന്റെ ടിക്കറ്റിന് ബോർഡിങ് പാസ്സ് തന്നു. ഉടൻ തന്നെ ഫ്ളൈറ്റിലേക്ക് പോകാൻ പറഞ്ഞു. ഇത് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. എയർപോർട്ടിൽ എത്തിയ സമയം തൊട്ട് ഞാൻ ആലോചിക്കുകയായിരുന്നു…ഇന്ന് ഫ്ലൈറ്റ് മിസ്സായാൽ നാളത്തെ ഒരു ദിവസം എങ്ങിനെ കൊൽക്കത്തയിൽ കഴിയും? എയർപോർട്ട് ലൗഞ്ചിൽ തന്നെ കഴിയേണ്ടി വരും എന്ന് മനസ്സിൽ കണ്ടു.
അതീവ സന്തോഷത്തോടെ ഞാൻ ഫ്ലൈറ്റിലേക്ക് നടന്നു. അപ്പോഴും കൗണ്ടറിൽ വഴക്ക് തുടരുകയായിരുന്നു. ആ പത്തു പാസ്സഞ്ചറുകളും എന്ത് തെറ്റ് ചെയ്തു? ഒരു തെറ്റും ചെയ്തിട്ടില്ല. എയർലൈൻസ് കമ്പനികൾ ആവശ്യത്തിൽ കൂടുതൽ ഒരു ഫ്ലൈറ്റിൽ ടിക്കറ്റ്സ് കൊടുക്കുന്നതാണ് തെറ്റ്.
എന്നെയും നോക്കി ഫ്ലൈറ്റ് കാത്തിരിക്കുന്നത് ദൂരത്തു നിന്നേ കാണാം. ഞാൻ ഫ്ലൈറ്റിലേക്ക് കയറിയ ഉടനെ എയർ ഹോസ്റ്റസ് മെയിൻ വാതിൽ അടച്ചു. ഫ്ലൈറ്റിലുള്ള എല്ലാവരും എന്നെ ഉറ്റു നോക്കൂകയായിരുന്നു, അവസാനം ഫ്ലൈറ്റിൽ കയറി വന്ന VIP ആരാണെന്നു നോക്കാൻ! കുറച്ചു ജാള്യതയോടെ ഞാൻ എൻ്റെ സീറ്റിൽ ഇരുന്നു. വാച്ചിൽ സമയം നോക്കി…7.45 PM. ഫ്ലൈറ്റ് പുറപ്പെട്ടു. ON TIME. പിറ്റേ ദിവസം അനുഭവിക്കേണ്ടിയിരുന്ന യാതനകൾ ഒന്നും അനുഭവിക്കേണ്ടി വന്നില്ലല്ലോ എന്ന മനസ്സമാധാനത്തോടെ അറിയാതെ ഞാൻ മയങ്ങി. എഴുന്നേറ്റത് ഫ്ലൈറ്റ് മുംബൈയിൽ ഇറങ്ങാൻ സമയമായി എന്ന പൈലറ്റിന്റെ സന്ദേശം കേട്ടുകൊണ്ടാണ്.
(തുടരും…)
പ്രേംകുമാർ മുംബൈ