നവി മുംബൈ വിമാനത്താവളത്തിന്റെ സമീപ മേഖലകളിൽ കശാപ്പ് പാടില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉത്തരവിറക്കി.
കശാപ്പ് ചെയ്യപ്പെട്ട മൃഗങ്ങളുടെ അവശിഷ്ടങ്ങൾ പലയിടത്തും ഉപേക്ഷിക്കുന്നതിനെ തുടർന്ന് പക്ഷികളുടെ സാന്നിധ്യം വർധിക്കുന്നത് വിമാനങ്ങൾക്ക് അപകടമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.
മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും നിരന്തരം അവലോകനം ചെയ്യുന്നുണ്ടെന്നും ഉറപ്പാക്കാൻ നഗരവികസന വകുപ്പ് സിഡ്‌കോ മാനേജിംഗ് ഡയറക്ടറുടെയും മറ്റ് ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഒരു ഉന്നതതല എയറോഡ്രോം പരിസ്ഥിതി മാനേജ്‌മെന്റ് കമ്മിറ്റി (എഇഎംസി) രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ മെമ്പർ സെക്രട്ടറി എൻഎംഐഎയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ്.
ഉൽവെ മേഖലയിൽ അംഗീകൃതമല്ലാത്ത കേന്ദ്രങ്ങളിൽ ഉൾപ്പെടെ മൃഗങ്ങളെ കശാപ്പ് ചെയ്ത് ആൾത്തിരക്ക് കുറഞ്ഞ മേഖലകളിൽ അവശിഷ്ടങ്ങൾ തള്ളുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. അവ കഴുകാൻ, പരുന്ത് എന്നിവയടക്കമുള്ള പക്ഷികളുടെ സാന്നിധ്യം വർധിപ്പിക്കുമെന്നും വിമാന സർവീസിന് ഭീഷണിയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് മൃഗ പക്ഷി സംരക്ഷണ സംഘടനകൾ പ്രധാന മന്ത്രിയുടെ ഓഫീസിലേക്ക് കത്തയച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഡിജിസിഎ യുടെ ഉത്തരവ്.
