മഹാരാഷ്ട്രയിൽ പൂനെയിൽ മലയാളി സാമൂഹിക പ്രവർത്തകനെ ഒരു സംഘം ഗുണ്ടകൾ പിന്നിൽ നിന്നാക്രമിച്ച സംഭവത്തിൽ മഹാരാഷ്ട്രയിലെ മലയാളി സംഘടനകളുടെ ഇടപെടൽ അനിവാര്യമാണെന്ന് സാമൂഹിക പ്രവർത്തകനായ രാജീവ് കുറ്റ്യാട്ടൂർ പറഞ്ഞു.
പൂനെയിലെ മലയാളം മിഷൻ സെക്രട്ടറിയും, പൂനെ മലയാളി ഫെഡറേഷന്റെ സജീവ പ്രവർത്തകനും UKF സെക്രട്ടറിയുമായ കെ.എസ് രവിയാണ് ഗുണ്ടാ ആക്രമത്തിൽ പരിക്കേറ്റ് ജുപിറ്റർ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. അറിയപ്പെടുന്ന ഒരു സാമൂഹിക പ്രവർത്തകൻ എന്നതിനേക്കാൾ ഒരു മലയാളിക്ക് മഹാരാഷ്ട്രയിൽ നേരിട്ട അക്രമത്തിനെതിരെ സംസ്ഥാനത്തെ മലയാളി സംഘടനകൾ ഒന്നായി പ്രതികരിക്കണമെന്ന് രാജീവ് വ്യക്തമാക്കി.
പിംപ്രി പോലീസ് സ്റ്റേഷനാണ് അന്വേഷണ ചുമതല. സംഭവത്തിൽ 2 പ്രതികളെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തു. ബാക്കി അന്വേഷണ നടപടികൾ പോലീസ് നടത്തി വരികയാണെന്ന് സാമൂഹിക പ്രവർത്തകൻ എം വി പരമേശ്വരൻ അറിയിച്ചു.