വസായ് വീരാർ മേഖലയിൽ പാർട്ടിയുടെ പേരും പദവിയും ദുരുപയോഗം ചെയ്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും വസായ് വീരാർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ചുമതലയുള്ള ജോജോ തോമസ് വ്യക്തമാക്കി.
നേതൃസ്ഥാനത്തിരുന്ന് പാർട്ടിക്ക് കളങ്കം വരുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സമീർ വർത്തക്കിനെ പാർട്ടി പദവികളിൽ നിന്നും നീക്കം ചെയ്ത മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്റ് ഹർഷവർദ്ദൻ സക്പാലിൻ്റെ നടപടിക്ക് പിന്നാലെയാണ് ജോജോയുടെ മുന്നറിയിപ്പ്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളോട് യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ജോജോ തോമസ് തുറന്നടിച്ചു.
പാർട്ടി പരിപാടികളിൽ പങ്കെടുക്കാതെ, പാർട്ടിയുടെ പേരിൽ സമാന്തര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും അത്തരം ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നവരെയും കണ്ടെത്തി പുറത്തു കൊണ്ടുവരുവാൻ ജില്ലയിലെ നേതാക്കൾക്ക് ജോജോ തോമസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
പാർട്ടി യോഗങ്ങളിൽ തടസ്സങ്ങളുണ്ടാക്കുക, മുതിർന്ന നേതാക്കളോട് അനാദരവ് കാണിക്കുക, അനധികൃതമായി പാർട്ടിയുടെ ഔദ്യോഗിക രേഖകൾ (ലെറ്റർഹെഡുകളും വിസിറ്റിംഗ് കാർഡുകളും ഉൾപ്പെടെ) ദുരുപയോഗം ചെയ്യുക തുടങ്ങിയ ഗുരുതരമായ അച്ചടക്ക ലംഘനങ്ങൾ പാർട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
“നിയമവിരുദ്ധമായ ബിസിനസ്സുകളിൽ ഏർപ്പെട്ടിരിക്കുന്നവരുമായി ചേർന്ന് പാർട്ടിയുടെ പേരിൽ സംഭാവനകൾ പിരിക്കുന്നത് പോലുള്ള പ്രവണതകൾ അവസാനിപ്പിക്കാൻ കർശന നടപടികൾ സ്വീകരിക്കും,” ജോജോ തോമസ് പറഞ്ഞു.
ഈ വിഷയങ്ങളെക്കുറിച്ച് ജില്ലാ പ്രസിഡൻറ് ഒണിൽ അൽമേഡയോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയുടെ കെട്ടുറപ്പും ജനങ്ങളോടുള്ള ഉത്തരവാദിത്തവും ഉയർത്തിപ്പിടിക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും, ഇത്തരം പ്രവൃത്തികൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും എംപിസിസി ജനറൽ സെക്രട്ടറി വ്യക്തമാക്കി.