നവി മുംബൈയിലെ സജീവമായ മലയാളി സംഘടനകളിലൊന്നായ ഖാർഘർ കേരള സമാജം ഇനി മുതൽ സ്വന്തം പുതിയ ഓഫീസിൽ നിന്ന് പ്രവർത്തനങ്ങൾ ആരംഭിക്കുന്നു.
ഖാർഘർ സെക്ടർ 20-ലെ ദാമോദർ ശാന്തി സൊസൈറ്റി, ഷോപ്പ് നമ്പർ 8 ആണ് സമാജത്തിന്റെ പുതിയ ഓഫീസ് വിലാസം. ഓഫീസ് ഉദ്ഘാടനം 2026 ജനുവരി 4-ന് രാവിലെ 10 മണിക്ക് നടന്നു.
2003-ലെ സ്ഥാപക നേതൃത്വം മുതൽ നിലവിലെ ഭരണസമിതി അംഗങ്ങൾ വരെ, കേരളീയ കേന്ദ്ര സംഘടനാ ഭാരവാഹികൾ, സ്ഥലം എം.എൽ.എ., നവി മുംബൈയിലെ വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികൾ, ഖാർഘറിലെ മലയാളി കൂട്ടായ്മകൾ, അഭ്യുദയകാംക്ഷികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.
ചടങ്ങിൽ സ്ഥലം എം.എൽ.എ. പ്രശാന്ത് താക്കൂർ, കെ.കെ.എസ്. പ്രസിഡന്റ് ടി. എൻ. ഹരിഹരൻ, മുംബൈ വ്യവസായിയും ലോക കേരള സഭാംഗവുമായ വി. കെ. മുരളീധരൻ എന്നിവർ മുഖ്യാതിഥികളായി. നെറൂൾ, സീവുഡ്സ്, സിബിഡി ബെലാപൂർ മേഖലകളിലെ സമാജം ഭാരവാഹികളും മുംബൈ മലയാളി സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖരും പങ്കെടുത്തു.
സമാജത്തിന്റെ സ്ഥാപക പ്രസിഡന്റ് കൃഷ്ണ വാര്യർ, സ്ഥാപക സെക്രട്ടറി രാധാകൃഷ്ണ വാര്യർ, മുൻ പ്രസിഡന്റ് കെ. സുരേഷ് എന്നിവർ ചേർന്ന് നിലവിളക്ക് തെളിയിച്ച് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നിലവിലെ പ്രസിഡന്റ് പ്രദീപ് കുമാർ കെ. പി., സെക്രട്ടറി മനോജ് കെ. എൻ എന്നിവർ മുഴുവൻ ഭരണസമിതി അംഗങ്ങളുടെയും സാന്നിധ്യത്തിൽ റിബൺ മുറിച്ച് ഓഫീസ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഇതോടെ സമാജത്തിന്റെ 22 വർഷത്തെ സ്വപ്നം യാഥാർഥ്യമായി.
ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ആദ്യകാല നേതൃത്വങ്ങളിൽ നിന്ന് ഇന്നത്തെ ഭരണസമിതി വരെ, സാമ്പത്തികമായും അല്ലാതെയും പിന്തുണ നൽകിയ എല്ലാ അംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും പ്രസിഡന്റ് പ്രദീപ് കുമാർ കെ. പി.യും സെക്രട്ടറി മനോജ് കെ. എൻയും പ്രത്യേക നന്ദി രേഖപ്പെടുത്തി.
ഖാർഘർ കേരള സമാജത്തിൽ നിലവിൽ മലയാളം ക്ലാസുകൾ, ചെണ്ട ക്ലാസ്, മറാത്തി ക്ലാസ് എന്നിവ സജീവമായി നടക്കുന്നു. വർഷംതോറും 20-ൽപരം സ്ഥിര പരിപാടികളും, മുൻകൂട്ടി തയ്യാറാക്കിയ വാർഷിക കലണ്ടറും, ശക്തമായ ജീവകാരുണ്യ പ്രവർത്തനങ്ങളും സമാജത്തിന്റെ പ്രത്യേകതയാണ്.
ചടങ്ങിൽ മനോജ് കെ. എൻ സ്വാഗതവും സജേഷ് നമ്പ്യാർ നന്ദിയും അറിയിച്ചു. കുമാരി വിദ്യാ സുരേഷ് പരിപാടിക്ക് അവതാരകയായി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
