വസായ്:
വസായ്–വിരാർ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ഗണിതം കൃത്യമായി കണക്കുകൂട്ടി കോൺഗ്രസ്. മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി 105 വാർഡുകളിൽ മത്സരത്തിൽ നിന്ന് മാറിനിൽക്കാനും, 10 നിർണായക സീറ്റുകളിൽ മാത്രം ‘കൈപ്പത്തി’ ചിഹ്നത്തിൽ ശക്തമായ പോരാട്ടം നടത്താനും പാർട്ടി തീരുമാനിച്ചു. മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (MPCC) ജനറൽ സെക്രട്ടറിയും വസായ്–വിരാർ ഇൻ-ചാർജുമായ ജോജോ തോമസാണ് പാർട്ടി നിലപാട് ഔദ്യോഗികമായി വ്യക്തമാക്കിയത്.
ബിജെപിക്ക് അനുകൂലമായി മതേതര വോട്ടുകൾ ചിതറിപ്പോകുന്ന സാഹചര്യം ഒഴിവാക്കുകയാണ് കോൺഗ്രസിന്റെ മുഖ്യലക്ഷ്യം. അതിനാൽ തന്നെ, മത്സരിക്കാത്ത 105 വാർഡുകളിൽ ബിജെപിയെ പരാജയപ്പെടുത്താൻ ശേഷിയുള്ള ബഹുജൻ വികാസ് അഘാഡി (BVA) ഉൾപ്പെടെയുള്ള മതേതര ശക്തികളെ പിന്തുണയ്ക്കാനാണ് പാർട്ടി തീരുമാനം.
“പാർട്ടിയുടെ നേട്ടം മാത്രമല്ല, വസായിലെ മതേതര ഐക്യം സംരക്ഷിക്കുകയാണ് ഞങ്ങളുടെ മുൻഗണന,” ജോജോ തോമസ് പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആശയക്കുഴപ്പം ഒഴിവാക്കാൻ കോൺഗ്രസ് നേതൃത്വത്തിന്റെ കർശന നിർദേശം:
- കോൺഗ്രസ് മത്സരിക്കുന്ന 10 വാർഡുകളിൽ ‘കൈപ്പത്തി’ ചിഹ്നത്തിൽ തന്നെ വോട്ട് ചെയ്യുക.
- മറ്റ് 105 വാർഡുകളിൽ ബിജെപിയെ തോൽപ്പിക്കാൻ കഴിയുന്ന സഖ്യകക്ഷികളെ പിന്തുണയ്ക്കുക.
കഴിഞ്ഞ ഒരു ദശാബ്ദമായി നഗരസഭയിൽ സാന്നിധ്യമില്ലാതിരുന്ന കോൺഗ്രസ് ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ നാല് വർഷമായി ജോജോ തോമസിന്റെ നേതൃത്വത്തിൽ നടന്ന സംഘടനാപരമായ പുനർനിർമ്മാണമാണ് ഈ ആത്മവിശ്വാസത്തിന് അടിസ്ഥാനം.
അടുത്തകാലത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ, വർഷങ്ങളായി BVAയ്ക്ക് സീറ്റ് വിട്ടുനൽകിയിരുന്ന പതിവ് മാറ്റി, സ്വന്തം ചിഹ്നത്തിൽ മത്സരിച്ച കോൺഗ്രസ് വൻ വോട്ട് വിഹിതം നേടിയിരുന്നു. നിർജീവമായിരുന്ന സംഘടനയെ സജീവമാക്കാനും, വലിയൊരു വിഭാഗം വോട്ടർമാരെ ആകർഷിക്കാനും കഴിഞ്ഞത് ജോജോ തോമസിന്റെ തന്ത്രപരമായ നീക്കങ്ങളുടെ ഫലമായാണ് വിലയിരുത്തപ്പെടുന്നത്.
ആദ്യഘട്ടത്തിൽ 20 സീറ്റുകളിൽ മത്സരിക്കാൻ തയ്യാറെടുത്തിരുന്നെങ്കിലും, സഖ്യധാരണയും വോട്ടുകളുടെ ഏകീകരണവും കണക്കിലെടുത്താണ് പാർട്ടി 10 സീറ്റുകളിലേക്ക് ഒതുങ്ങിയത്. ജില്ലാ പ്രസിഡന്റ് അടക്കമുള്ള പ്രമുഖർ മത്സരിക്കുന്ന ഈ വാർഡുകളിലെല്ലാം വിജയം സുനിശ്ചിതമാണെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം അവകാശപ്പെടുന്നു.
വസായ്–വിരാറിലെ ഈ തെരഞ്ഞെടുപ്പ്, സീറ്റുകളുടെ എണ്ണംക്കാൾ രാഷ്ട്രീയ സന്ദേശത്തിനാണ് കൂടുതൽ പ്രസക്തി നേടുന്നത്. മതേതര ഐക്യത്തിന്റെ പേരിൽ നടത്തിയ വിട്ടുവീഴ്ച, ‘കൈപ്പത്തി’യുടെ ശക്തി വീണ്ടും തെളിയിക്കുമോ എന്നതാണ് ഇനി രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
