ദുബായ്: ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ (WMF) 5-ാം ദ്വൈവാർഷിക ആഗോള കൺവെൻഷൻ ജനുവരി 16 മുതൽ 18 വരെ ദുബായിലെ ദെയ്റ ക്രൗൺ പ്ലാസയിൽ നടക്കും. ആഗോള മലയാളി ബന്ധം ശക്തിപ്പെടുത്തുവാനും സാമ്പത്തിക-സാമൂഹിക ശാക്തീകരണവും ലക്ഷ്യമിട്ടാണ് മൂന്ന് ദിവസത്തെ മഹാസമ്മേളനം സംഘടിപ്പിക്കുന്നത്.
ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികളെ ഒന്നിപ്പിക്കുകയും പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുകയുമാണ് സമ്മേളന ലക്ഷ്യമെന്ന് ഗ്ലോബൽ ചെയർമാൻ ഡോ.ജെ രത്‌നകുമാർ പറഞ്ഞു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി പി. പ്രസാദ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ വിശിഷ്ടാതിഥികളാകും. മുരളി തുമ്മാരുകുടി, സന്തോഷ് ജോർജ് കുളങ്ങര, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ആശാ ശരത്, മിഥുൻ രമേഷ് എന്നിവരും പങ്കെടുക്കും. നൂറിലധികം രാജ്യങ്ങളിൽ നിന്നു പ്രതിനിധികൾ പങ്കെടുക്കും
മലയാളി സംരംഭകരെയും നിക്ഷേപകരെയും ലക്ഷ്യമിട്ട ബിസിനസ് സമിറ്റ്, വനിതാ ശാക്തീകരണത്തിന് പ്രാധാന്യം നൽകുന്ന “എംപവർ ഹെർ” വനിതാ സമ്മേളനം, പ്രവാസി മലയാളികൾ നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുന്ന “വോയ്സ് ഓഫ് പ്രവാസി” സമിറ്റ് എന്നിവയാണ് കൺവെൻഷന്റെ പ്രധാന ആകർഷണങ്ങൾ. ഇതോടൊപ്പം സാംസ്കാരിക പരിപാടികളും ഡെസേർട്ട് സഫാരി ഉൾപ്പെടെയുള്ള വിനോദപരിപാടികളും ഒരുക്കിയിട്ടുണ്ട്.
മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് ഡോ. ഉമ്മൻ ഡേവിഡ്, ഡോ.റോയ് ജോൺ മാത്യു, ബിജോയ് ഉമ്മൻ , ഡൊമിനിക് പോൾ, അരോഷ് എന്നിവർ കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളി പ്രതിനിധികളുടെ സാന്നിധ്യം സമ്മേളനത്തിന് ആഗോള പ്രാധാന്യം നൽകുമെന്ന് സംഘാടകർ അറിയിച്ചു.
ആഗോള മലയാളി സമൂഹത്തിന്റെ ശബ്ദം ശക്തിപ്പെടുത്തുകയും, സാമ്പത്തിക-സാമൂഹിക രംഗങ്ങളിൽ സഹകരണ സാധ്യതകൾ വികസിപ്പിക്കുകയും ചെയ്യുന്ന വേദിയായി ഈ കൺവെൻഷൻ മാറുമെന്നാണ് പ്രതീക്ഷ
വയനാട് ഉരുൾപൊട്ടലിൽ എല്ലാ നഷ്ടപ്പെട്ടവർക്കായി വേൾഡ് മലയാളി ഫെഡറേഷൻ നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽദാനം കൺവൻഷൻ വേദിയിൽ നടക്കും.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
