മുംബൈ: മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ 2026 വർഷത്തെ പത്മരാജൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാള സിനിമയ്ക്കും സാഹിത്യത്തിനും സാംസ്കാരിക ചിന്തയ്ക്കും അനശ്വര സംഭാവന നൽകിയ പ്രതിഭയായ പത്മരാജൻ സൃഷ്ടിപൈതൃകം ഓർമ്മിപ്പിക്കുന്ന പുരസ്കാരദാനം, സിനിമ–കല–സാഹിത്യ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
പത്മരാജന്റെ മകൻ അനന്തപത്മനാഭൻ, പ്രശസ്ത റേഡിയോ അവതാരകനും സംഗീത സംവിധായകനുമായ രാഘവൻ മാസ്റ്ററുടെ മകൻ കനകാമ്പരൻ, ചലച്ചിത്ര അഭിനേത്രി അനുപമ എന്നിവരടക്കം സിനിമ, കല, സാംസ്കാരിക, സാഹിത്യ മേഖലകളിലെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
പത്മരാജൻ പുരസ്കാരം 2026 ലഭിക്കുന്നവർ:
ശത്രുഘ്നൻ — സമഗ്ര സംഭാവന (സിനിമയും സാഹിത്യവും)
ഡോ. ശശികല പണിക്കർ — മലയാള സാഹിത്യം (നോവൽ)
കൃഷ്ണപ്രിയ — മിനിസ്ക്രീൻ അഭിനയ മേഖല
ശ്രീകാന്ത് കൃഷ്ണമൂർത്തി — സംഗീത മേഖല (ഗായകൻ)
കഴിഞ്ഞ മാസം ഇന്റർനാഷണൽ പീപ്പിൾ ലിപ് ഓർഗനൈസേഷൻ (IPLO) ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌കാരം ഏറ്റു വാങ്ങിയതിന് പിന്നാലെയാണ് മറ്റൊരു അംഗീകാരം കൂടി മുംബൈയിലെ വനിതാ സംരംഭകയും എഴുത്തുകാരിയുമായ ഡോ ശശികല പണിക്കരെ തേടിയെത്തുന്നത്.
മലയാളത്തിന്റെ സർഗ്ഗാത്മക ചിന്തയ്ക്കും കലാഭാവനയ്ക്കും ദിശ നൽകിയ പത്മരാജന്റെ ആത്മാവിനെ ഉയർത്തിപ്പിടിക്കുന്ന ഈ പുരസ്കാരങ്ങൾ, പുതിയ തലമുറയിലേക്ക് സൃഷ്ടികളുടെ വെളിച്ചം കൈമാറുന്ന സാംസ്കാരിക ആഘോഷമായി മാറുമെന്ന് മലയാള ചലച്ചിത്ര സൗഹൃദവേദി വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
