വിലാപത്തിന്റെ നിശ്ശബ്ദത നിറഞ്ഞ വീട്ടുമുറ്റത്ത്, അപ്രതീക്ഷിതമായാണ് ജീവിതം വീണ്ടും ശ്വാസമെടുത്തത്. മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിൽ രാംടേക്കിൽ, 103 വയസ്സുകാരിയായ ഗംഗാഭായി സഖാരെയുടെ കഥ, മരണം പോലും ഒരുനിമിഷം ആശയക്കുഴപ്പത്തിലാക്കിയ ദിനത്തിന്റെ സ്മരണയായി മാറി.
ശരീരചലനങ്ങൾ നിലച്ചപ്പോൾ, ഗംഗാഭായി വിടപറഞ്ഞുവെന്ന് വീട്ടുകാർ വിശ്വസിച്ചു. അവസാന കർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ബന്ധുക്കൾ ദുഃഖം പങ്കിടാൻ ദൂര സ്ഥലങ്ങളിൽ നിന്ന് വരെയെത്തി.
ഗംഗാഭായിയെ പുതിയ സാരി ധരിപ്പിക്കുകയും കൈകാലുകൾ കെട്ടുകയും മൂക്കിൽ പഞ്ഞി തിരുകുകയും ചെയ്തു. സംസ്കാരത്തിനുള്ള അവസാന ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ്, ചെറുമകൻ രാകേഷ് സഖാരെയുടെ ശ്രദ്ധയിൽ മുത്തശ്ശിയുടെ കാൽവിരലുകൾ അനങ്ങുന്നത് കാണാനിടയായത്. ഉടനെ മൂക്കിൽ നിന്നുള്ള പഞ്ഞി നീക്കി. ഇതോടെ ഗംഗാഭായി ആഴത്തിലുള്ള ശ്വാസമെടുത്തു. ക്ഷണനേരം കൊണ്ട് വിലാപം ആഘോഷമായി മാറി. ശവമഞ്ചം തിരികെ അയയ്ക്കുകയും വിലാപ ടെന്റ് ഉടനടി പൊളിച്ചു മാറ്റുകയും ചെയ്തു. അപ്പോഴാണ് കുടുംബാംഗങ്ങൾക്ക് അന്നേദിവസം ഇവരുടെ പിറന്നാളാണെന്ന കാര്യം ഓർമ്മയിലെത്തിയത്.
അങ്ങിനെ ‘മരണ’ വീട് ജന്മദിന ആഘോഷത്തിനായി വഴിയൊരുക്കി. മരണത്തിനായി ഒരുങ്ങിയവർ, കേക്ക് മുറിച്ചു. സന്തോഷത്തോടെ മടങ്ങി.
ഇപ്പോൾ ഗംഗാഭായി സഖാരെ മരണത്തെ പോലും മറികടന്ന ഒരു പിറന്നാളിന്റെ പേരിൽ, ജീവിക്കുന്ന അത്ഭുതമായാണ് നാട്ടിൽ അറിയപ്പെടുന്നത്. രണ്ടാം ജന്മം ലഭിച്ച വയോധികയെ കണ്ട് അനുഗ്രഹം വാങ്ങാൻ അയൽ ഗ്രാമങ്ങളിൽ നിന്നാണ് ആളുകളെത്തുന്നത്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
