നവി മുംബൈ: ഐരോളി നായർ സർവീസ് സൊസൈറ്റിയുടെ 25-ാം വാർഷികാഘോഷവും കുടുംബ സംഗമവും സെപ്റ്റംബർ 27 ഞായറാഴ്ച നടക്കും. ഐരോളി സെക്ടർ 15ലെ ലെവ പട്ടീദാർ സമാജ് ഹാളാണ് വേദി.
രാവിലെ 9.30ന് ഭദ്രദീപം തെളിയിച്ച് പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് വൈവിധ്യമാർന്ന കലാപരിപാടികളും സാംസ്കാരിക സമ്മേളനവും നടക്കും.
മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാർ മുഖ്യാതിഥിയായിരിക്കും. കെ.എൻ.എസ്.എസ്. മഹാരാഷ്ട്ര പ്രസിഡന്റ് ഹരികുമാർ മേനോൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
രജതജൂബിലിയുടെ ഭാഗമായി 75 വയസ്സ് പൂർത്തിയാക്കിയ അംഗങ്ങളെയും മുൻ പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, ട്രഷറർമാർ എന്നിവരെയും ചടങ്ങിൽ ആദരിക്കും. തുടർന്ന് സമ്മാനവിതരണവും നടക്കും.
രജതജൂബിലിയുടെ ഭാഗമായി 2025–26 അധ്യയന വർഷത്തിലെ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി മെറിറ്റ് അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. ചിത്രരചന, ഉപന്യാസ മത്സരങ്ങളും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
ഓണസദ്യയ്ക്ക് ശേഷം സാരഥി തിയേറ്റേഴ്സ്, മുംബൈ അവതരിപ്പിക്കുന്ന ‘കുട്ടിച്ചാത്തൻ’ നാടകം അരങ്ങേറും.
മുംബൈ നാടക വേദിയിലെ പ്രമുഖരോടൊപ്പം പുതു തലമുറക്കാരും അണി നിരക്കുന്ന കുട്ടിച്ചാത്തൻ സാരഥിയുടെ പന്ത്രണ്ടാമത്തെ നാടകമാണ്. കാലിക പ്രസക്തമായ പ്രമേയമാണ് കുട്ടിച്ചാത്തൻ പകർന്നാടുന്നത്. നാടകത്തിന്റെ രചന ജയൻ തിരുമനയുടേതാണ്.
25 വർഷത്തെ പ്രവർത്തനപാരമ്പര്യം ആഘോഷിക്കുന്നതിനൊപ്പം അംഗങ്ങളെയും കുടുംബങ്ങളെയും ഒരുമിപ്പിക്കുന്ന വേദിയായി രജതജൂബിലി ആഘോഷം മാറും.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI
Every Saturday | 4:30 PM | Kairali News
