നാഗ്പൂർ: കേരളീയ സമാജം നാഗ്പൂരിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വർണാഭമായ കലാപരിപാടികളോടും വിപുലമായ ജനപങ്കാളിത്തത്തോടും കൂടി നടന്നു. സെപ്റ്റംബർ 26ന് വൈകിട്ട് സായ് സഭ ഗൃഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആഘോഷത്തിൽ സമാജം അംഗങ്ങളും അഭ്യുദയകാംക്ഷികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
താലപ്പൊലിയുടെ അകമ്പടിയോടെ മാവേലിയുടെ എഴുന്നള്ളത്തോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. സമാജം പ്രസിഡന്റ് ലിജോ ജോസ് അധ്യക്ഷനായ ചടങ്ങിൽ മുഖ്യാതിഥി വികാസ് താക്കറെ എംഎൽഎ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.
പ്രസിഡന്റിന്റെ സ്വാഗത പ്രസംഗത്തിന് ശേഷം വികാസ് താക്കറെ എംഎൽഎയും സമാജം ജനറൽ സെക്രട്ടറി രാജഗോപാലും സംസാരിച്ചു. നാഗ്പൂരിലെ മലയാളി സമൂഹത്തിന് തുടർന്നും പിന്തുണ നൽകുമെന്ന് വികാസ് താക്കറെ അറിയിച്ചു.

ചടങ്ങിൽ സമാജത്തിന്റെ മുൻ അധ്യക്ഷന്മാരെയും മറ്റ് വിശിഷ്ടാതിഥികളെയും ആദരിച്ചു. സമാജത്തിലെ മുഴുവൻ അംഗങ്ങളും നോർക്ക കാർഡ് എടുക്കേണ്ടതിന്റെ പ്രാധാന്യവും പ്രയോജനങ്ങളും ജനറൽ സെക്രട്ടറി രാജഗോപാൽ വിശദീകരിച്ചു.
തുടർന്ന് അരങ്ങേറിയ കോട്ടയം സൂര്യ ഗംഗയുടെ കലാപരിപാടികൾ ഓണാഘോഷത്തിന്റെ പ്രധാന ആകർഷണമായി. സംഗീതവും നൃത്തവും ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ സദസ്സിന് ആസ്വാദനത്തിന്റെ വേറിട്ട അനുഭവമായി. കലാപ്രേമികളെയും സംഗീതാസ്വാദകരെയും ഒരുപോലെ ആകർഷിച്ച പരിപാടികൾക്ക് നിറഞ്ഞ സദസ്സ് മികച്ച പ്രതികരണം നൽകി.
യൂത്ത് വിങ്, ലേഡീസ് വിങ് ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സജീവ പങ്കാളിത്തമാണ് ആഘോഷ പരിപാടികളുടെ വിജയത്തിന് പിന്നിലെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു.
രണ്ടാം ദിവസമായ സെപ്റ്റംബർ 27ന്, കേരളീയ സമാജം നാഗ്പൂരിന്റെ വിശാലമായ ഹാളിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് സമാപനം കുറിച്ചത്.
പാരമ്പര്യവും കലയും കൂട്ടായ്മയും രുചിയും സമന്വയിപ്പിച്ച കേരളീയ സമാജം നാഗ്പൂരിന്റെ ഓണാഘോഷം മലയാളി സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI
Every Saturday | 4:30 PM | Kairali News
