കൽവ: ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കും പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾക്കും സുരക്ഷിതവും വിവേചനരഹിതവുമായ ആരോഗ്യപരിചരണം ഉറപ്പാക്കുന്നതിനായി കൽവയിൽ ആരംഭിച്ച കമ്മ്യൂണിറ്റി ഹെൽത്ത് ക്ലിനിക് റോട്ടറി ക്ലബ് ഓഫ് ഡോംബിവ്‌ലി നോർത്തിന്റെ ചാർട്ടർ പ്രസിഡന്റ് റോട്ടേറിയൻ ഡോ. ഓമൻ ഡേവിഡിന്റെ പേരിൽ സമർപ്പിച്ചു. റോട്ടറി ക്ലബ് ഓഫ് ഡോംബിവ്‌ലി നോർത്തിന്റെ നേതൃത്വത്തിലാണ് ക്ലിനിക് ഒരുക്കിയത്.

കൽവയ്ക്കൊപ്പം ഡോംബിവ്‌ലിയിലും സമാനമായ കമ്മ്യൂണിറ്റി ഹെൽത്ത് ക്ലിനിക് പ്രവർത്തനസജ്ജമായി. അന്തരിച്ച റോട്ടേറിയൻ കിഷോർ കാമത്തിന്റെ സ്മരണയ്ക്കായാണ് ഡോംബിവ്‌ലിയിലെ ക്ലിനിക് സമർപ്പിച്ചിരിക്കുന്നത്.
ഡോംബിവ്‌ലി ഈസ്റ്റിൽ നടന്ന ചടങ്ങിൽ റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3142 ഗവർണർ റോട്ടേറിയൻ ഡോ. നിലെഷ് ജയ്വന്ത്, കല്യാൺ ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷൻ കോർപ്പറേറ്റർ ഹർഷൽ മോറെ എന്നിവർ പങ്കെടുത്തു. റോട്ടറി ക്ലബ് ഓഫ് ഡോംബിവ്‌ലി നോർത്ത് പ്രസിഡന്റ് റോട്ടേറിയൻ മായ സാവന്ത്, പ്രോജക്ട് ചെയർ റോട്ടേറിയൻ വിരുപാക്ഷ് റാണെബെന്നൂർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ട്രാൻസ്‌ജെൻഡർ വിഭാഗക്കാർ, ലൈംഗിക തൊഴിലാളികൾ, മറ്റ് പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾ എന്നിവർക്കായി പൊതുആരോഗ്യ പരിശോധന, പതിവ് ചെക്കപ്പുകൾ, രോഗനിർണയ പരിശോധനകൾ, കൗൺസലിംഗ് തുടങ്ങിയ സേവനങ്ങൾ ക്ലിനിക്കുകളിൽ ലഭ്യമാക്കും. രോഗികളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷിച്ചുകൊണ്ടുള്ള ആരോഗ്യപരിചരണമാണ് ലക്ഷ്യമിടുന്നത്.

HIV, ലൈംഗികമായി പകരുന്ന അണുബാധകൾ എന്നിവയുടെ പ്രതിരോധം, പരിശോധന, ചികിത്സയിലേക്കുള്ള ബന്ധിപ്പിക്കൽ എന്നിവയ്ക്കും ക്ലിനിക്കുകളിൽ ശ്രദ്ധ നൽകും. മാനസികാരോഗ്യ പിന്തുണയും കൗൺസലിംഗ് സേവനങ്ങളും ലഭ്യമാക്കും. പരിശീലനം ലഭിച്ച മെഡിക്കൽ ജീവനക്കാരുടെയും കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് പ്രവർത്തകരുടെയും സഹായത്തോടെയാണ് ക്ലിനിക്കുകളുടെ പ്രവർത്തനം.
ആരോഗ്യപരിചരണം എല്ലാവർക്കും അടിസ്ഥാന അവകാശമാണെന്നും എന്നാൽ ട്രാൻസ്‌ജെൻഡർ വിഭാഗക്കാർ ഉൾപ്പെടെയുള്ള പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾ ആരോഗ്യസേവനം തേടുമ്പോൾ സാമൂഹിക തടസ്സങ്ങളും വിവേചനവും നേരിടുന്നുണ്ടെന്നും റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. നിലെഷ് ജയ്വന്ത് പറഞ്ഞു. ഭയമോ മടിയോ കൂടാതെ ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുന്ന സുരക്ഷിത ഇടങ്ങളായി ഈ ക്ലിനിക്കുകൾ മാറുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വൈവിധ്യം, സമത്വം, എന്നിവ മുൻനിർത്തിയുള്ള സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഡോ. ഉമ്മൻ ഡേവിഡ് പറഞ്ഞു. പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് അന്തസ്സോടെയും തുല്യമായും ആവശ്യമായ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും വിദ്യാഭ്യാസരംഗത്തെ പ്രമുഖനായ ഡോ. ഡേവിഡ് വ്യക്തമാക്കി
കൽവയിലും ഡോംബിവ്‌ലിയിലും ട്രാൻസ്‌ജെൻഡർ, പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കായി കമ്മ്യൂണിറ്റി ക്ലിനിക്കുകൾ ഒരുക്കിയ റോട്ടറി ക്ലബ് ഓഫ് ഡോംബിവ്‌ലി നോർത്തിന്റെ പ്രവർത്തനത്തെ ഹർഷൽ മോറെ അഭിനന്ദിച്ചു.
ട്രാൻസ്‌ജെൻഡർ സമൂഹാംഗങ്ങൾ, പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, ആസ്ഥാ പരിവാർ സംഘാംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3142ന്റെ കീഴിൽ പ്രവർത്തിക്കുന്ന റോട്ടറി ക്ലബ് ഓഫ് ഡോംബിവ്‌ലി നോർത്ത് ആരോഗ്യ, വിദ്യാഭ്യാസം, സാമൂഹിക ഉൾച്ചേരൽ, കമ്മ്യൂണിറ്റി വികസനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സേവന സംഘടനയാണ്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI
Every Saturday | 4:30 PM | Kairali News
