ജർമ്മനി: ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ ധർമ്മ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ലോകമെമ്പാടുമുള്ള ശ്രീനാരായണീയരെ പങ്കെടുപ്പിച്ച് ദൈവദശകം ഒരേസമയം ആലപിക്കുന്ന വിപുലമായ പരിപാടി സംഘടിപ്പിക്കുന്നു. ഗുരുദർശനത്തിന്റെ സന്ദേശം ലോകമെമ്പാടുമുള്ള ഭക്തരിലേക്ക് എത്തിക്കുകയും കൂട്ടായ പ്രാർത്ഥനയിലൂടെ സാർവത്രിക സഹോദര്യത്തിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.
ഒക്ടോബർ 25ന് ഇന്ത്യൻ സമയം വൈകിട്ട് 7.15ന് പരിപാടി നടക്കും. ഇന്ത്യയിലും വിവിധ വിദേശരാജ്യങ്ങളിലുമായി നിരവധി കേന്ദ്രങ്ങളിൽ ഒരേസമയം ദൈവദശകം ആലപിക്കും. മലയാളം, കന്നഡ, സംസ്കൃതം തുടങ്ങി വിവിധ ഭാഷകളിലായിരിക്കും ആലാപനം.
ശ്രീനാരായണ ഗുരുവിന്റെ ‘ദൈവദശകം’ കൂട്ടായ പ്രാർത്ഥനയുടെയും ഏകതയുടെയും സന്ദേശമായി അവതരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ചതയദിനത്തിൽ ജർമ്മനിയിൽ 350 പേർ ചേർന്ന് ദൈവദശകം ആലപിച്ച പരിപാടിയുടെ തുടർച്ചയായാണ് ഇത്തവണ ആഗോളതലത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്.
20 രാജ്യങ്ങളിൽ നിന്നുള്ള ഭക്തർ പരിപാടിയിൽ പങ്കെടുക്കും. ബ്രിട്ടൻ, അമേരിക്ക, സിംഗപ്പൂർ, മലേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, സ്കോട്‌ലൻഡ്, കുവൈത്ത്, ബഹ്റൈൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും പരിപാടിയുടെ ഭാഗമാകും.
ശ്രീനാരായണ ഗുരുദർശനത്തെ ആധാരമാക്കിയുള്ള പരിപാടിയുടെ ഏകോപനം ശ്രീനാരായണ ധർമ്മ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ്. വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കുന്നവർക്കായി ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
കൊല്ലം സ്വദേശിയായ ഡോ. വരുൺ, കഴിഞ്ഞ 15 വർഷമായി ജർമ്മനി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ മെഡിക്കൽ രംഗത്ത് സേവനം അനുഷ്ഠിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലും സഹകരണത്തിലുമാണ് പരിപാടിയുടെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്നും സംഘാടകർ അറിയിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI
Every Saturday | 4:30 PM | Kairali News
