മറുനാടൻ മലയാളികൾക്കായി എഴുത്തുകാരുടെ സ്വതന്ത്ര സൗഹൃദസംഘം ഏർപ്പെടുത്തിയ മൂന്നാമത് ഇ. ഐ. എസ്. തിലകൻ സ്മാരക കവിതാപുരസ്‌കാരത്തിന് മുംബൈ കല്യാണിൽ താമസിക്കുന്ന അമ്പിളി കൃഷ്ണകുമാർ അർഹയായി. ‘മരുഭൂമിയിൽ മാത്രം വിരിയുന്ന കറുത്ത പൂക്കൾ’ എന്ന കവിതയ്ക്കാണ് പുരസ്‌കാരം.
മുംബൈയുടെ സാഹിത്യ-സാംസ്കാരിക ചരിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ഇ. ഐ. എസ്. തിലകന്റെ ഓർമകൾക്ക് പ്രണാമമർപ്പിച്ചുകൊണ്ടാണ് 2026ലെ പുരസ്‌കാരം പ്രഖ്യാപിച്ചത്.
പുരസ്‌കാര നിർണയത്തിനായി ലഭിച്ച എൺപതോളം കവിതകളിൽനിന്നാണ് വിധികർത്താക്കൾ അമ്പിളി കൃഷ്ണകുമാറിന്റെ കവിത തെരഞ്ഞെടുത്തത്.
2024ലെ പുരസ്‌കാരം ഹൈദരാബാദിലെ ജി. അനിൽകുമാറിനും 2025ലെ പുരസ്‌കാരം ബെംഗളൂരു നിവാസിയായ രമ പ്രസന്ന പിഷാരടിക്കുമാണ് ലഭിച്ചത്.
കൊല്ലം ജില്ലയിലെ ചടയമംഗലം സ്വദേശിനിയായ അമ്പിളി കൃഷ്ണകുമാർ കുടുംബത്തോടൊപ്പം കല്യാണിലാണ് സ്ഥിരതാമസം. മലയാളം മിഷൻ അധ്യാപിക കൂടിയായ അമ്പിളിയുടെ രചനയിൽ ഓർമച്ചിമിഴിലെ മഞ്ചാടിമണികൾ, കുടകിലെ മേഘങ്ങൾ, പാട്ടിൻചാരെ പാടാതെ (എന്റെ പാട്ടോർമകൾ), ഓർമത്തുഞ്ചത്തൊരൂഞ്ഞാൽ, ഗുൽമോഹർ തുടങ്ങി അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുത്തിന്റെ വിവിധ മേഖലകളിൽ നിരവധി പുരസ്‌കാരങ്ങൾക്കും അംഗീകാരങ്ങൾക്കും അർഹയായിട്ടുണ്ട്.
2026 നവംബർ 21, 22 തീയതികളിൽ മുംബൈയിൽ നടക്കുന്ന സാഹിത്യ സഹവാസ ക്യാമ്പിൽ വച്ചായിരിക്കും പുരസ്‌കാര സമർപ്പണം. എൻ.ബി.സി.സി. കോപ്പർഖൈർണെയുമായി സഹകരിച്ച് സമാജം ഹാളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
പ്രമുഖ നിരൂപക ഡോ. മിനി പ്രസാദ് ക്യാമ്പിന് നേതൃത്വം നൽകും. പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്ക് 9930878253 എന്ന നമ്പറിൽ ബന്ധപ്പെടാം.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI
Every Saturday | 4:30 PM | Kairali News
