മുംബൈ ദാദർ ശിവാജി പാർക്കിൽ സി.ജെ.പി.യുടെ ജയിൽ നിറയ്ക്കൽ സമരത്തിനിടെയാണ് ദാരുണ സംഭവം. സമരം കാണാനെത്തിയ 75കാരനായ ഗോപാലകൃഷ്ണ പിള്ള ആരോഗ്യനില വഷളായതിനെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ഇന്ന് വൈകിട്ട് നാലരയോടെയാണ് ഇടതുപക്ഷ സഹയാത്രികനായ ഗോപാലകൃഷ്ണ പിള്ള സമരം കാണുന്നതിനായി ശിവാജി പാർക്കിലെത്തിയത്. അഞ്ചുമണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കളുടെയും പൊലീസിന്റെയും സഹായത്തോടെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു.
ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മരണകാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്.
NRMU യൂണിയൻ നേതാവും, കേരളീയ കേന്ദ്ര സംഘടനയുടെ ഭാരവാഹിയും, ഓൾ താനെ മലയാളി അസോസിയേഷൻ (ATMA) ഭാരവാഹിയും, കൽവയിലെ കൈരളി സമാജത്തിന്റെ മുൻ പ്രസിഡന്റുമായിരുന്ന ജി. എസ്. പിള്ളയുടെ ആകസ്മിക വിയോഗം കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും മുംബൈയിലെ സാമൂഹ്യ-സാംസ്കാരിക സമൂഹത്തിനും തീരാനഷ്ടമാണ്.
അതേസമയം, ശിവാജി പാർക്കിൽ സി.ജെ.പി.യുടെ പ്രതിഷേധം തുടരുകയാണ്. പ്രധാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് ജയിൽ നിറയ്ക്കൽ സമരം.
പൊലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും സി.ജെ.പി. ശിവാജി പാർക്കിൽ പ്രതിഷേധവുമായി മുന്നോട്ട് പോവുകയായിരുന്നു. കനത്ത പൊലീസ് സുരക്ഷയാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI
Every Saturday | 4:30 PM | Kairali News
