പി. വി. ഭാസ്കരന് NMCA വിശിഷ്ട വ്യക്തി പുരസ്കാരം
നാസിക്: നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA) ചാരിറ്റബിൾ ട്രസ്റ്റിന്റെ 39-ാം വാർഷികവും ഓണാഘോഷവും ഒക്ടോബർ 10ന് മൗലി ലോൺസിൽ നടന്നു. NMCA പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണ പിള്ളയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സംഘടനയുടെ ചെയർമാനും വ്യവസായിയുമായ ബി. എൻ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കേരള നിയമസഭാംഗം ഉല്ലാസ് കോവൂർ മുഖ്യാതിഥിയായി.
റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3030 മുൻ ഗവർണർ ആശാ വേണുഗോപാൽ, കേരള ഫോക്‌ലോർ അക്കാദമി സെക്രട്ടറി പ്രദീപ് കുമാർ, പൂനെയിലെ സാമൂഹിക പ്രവർത്തകൻ പി. വി. ഭാസ്കരൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
പ്രവാസി മലയാളികൾക്കിടയിലെ ഐക്യം ശക്തിപ്പെടുത്തുന്നതിന്റെയും സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിന്റെയും പ്രാധാന്യം ഉദ്ഘാടന പ്രസംഗത്തിൽ ബി. എൻ. വേണുഗോപാൽ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് കൈമാറുന്നതിനൊപ്പം താമസിക്കുന്ന നാടിന്റെ പുരോഗതിയിലും പ്രവാസികൾ പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു.
പി. വി. ഭാസ്കരന് പുരസ്കാരം
സാമൂഹിക സേവനരംഗത്തെ സംഭാവനകൾ പരിഗണിച്ച് പി. വി. ഭാസ്കരന് 2026-ലെ NMCA വിശിഷ്ട വ്യക്തി പുരസ്കാരം സമ്മാനിച്ചു. വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച വിദ്യാർഥികൾ, കലാകാരന്മാർ, സാമൂഹിക പ്രവർത്തകർ എന്നിവരെ മെമന്റോകളും ക്യാഷ് അവാർഡുകളും നൽകി ആദരിച്ചു.
അത്തപ്പൂക്കളം, വിവിധ മത്സരങ്ങൾ, വിദ്യാർഥികളുടെ കലാപരിപാടികൾ, സംഗീതാവതരണങ്ങൾ എന്നിവ ആഘോഷത്തിന്റെ ഭാഗമായി നടന്നു. പൂനെയിലെ ഡി കേരള കമ്പനിയുടെ ജാമിങ് പരിപാടിയും അരങ്ങേറി. തുടർന്ന് ഓണസദ്യയും സംഘടിപ്പിച്ചു.
വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവർത്തനങ്ങൾ
NMCA ജനറൽ സെക്രട്ടറി അനൂപ് പുഷ്പാംഗതൻ സംഘടനയുടെ സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ, ജീവകാരുണ്യ പ്രവർത്തനങ്ങൾ വിശദീകരിച്ചു. അക്ഷര എജുക്കേഷണൽ അക്കാദമിയിലൂടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും വളർച്ചയ്ക്കും പിന്തുണ നൽകിവരുന്നതായി അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ സഹായം, ആരോഗ്യപരിരക്ഷ, ആയുർവേദ ചികിത്സാസഹായം, പ്രവാസി ക്ഷേമം എന്നിവയ്ക്കൊപ്പം പ്രവാസികൾ നേരിടുന്ന യാത്രാസംബന്ധമായ പ്രശ്നങ്ങളിൽ ഇടപെടുന്നതിനും സംഘടന പ്രവർത്തിക്കുന്നുണ്ട്. ഈ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന് പ്രവാസി മലയാളികളുടെ പിന്തുണ അദ്ദേഹം അഭ്യർഥിച്ചു.
NMCA വനിതാ സമാജം സെക്രട്ടറി ഡോ. സ്മിത നായർ നന്ദി രേഖപ്പെടുത്തി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
