ദേവികയുടെ വിയോഗം ഉയർത്തുന്ന ചോദ്യ ചിഹ്നങ്ങൾ..

0

മുംബൈ നഗരത്തിലെ മലയാളി സമൂഹം തോരാത്ത കണ്ണീരിലാണ്. നഗരത്തിന്റെ അതിരുകൾ ഭേദിച്ച് വളർന്ന് വളർന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്ന ഒരു നക്ഷത്രത്തിളക്കമാണ് കഴിഞ്ഞ ദിവസം പൊലിഞ്ഞ് പോയത്.

വാത്സല്യത്തോടെ അതിലേറെ അഭിമാനത്തോടെയാണ് കലാ -സാംസ്‌കാരിക വേദികളിൽ ജ്വലിച്ചു നിന്നിരുന്ന ദേവിക അഴകേശൻ എന്ന 19 കാരി ഗായികയെ നഗരം ഉറ്റുനോക്കിയിരുന്നത്.ഈ കൊച്ചു പ്രായത്തിൽ അന്താരാഷ്ട്ര പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങൾ അവളെ തേടിയെത്തി. എം. ജയചന്ദ്രനെ പോലെ പലരും വാനോളം പുകഴ്ത്തിയ ഗായിക, ഗിറ്റാറിസ്റ്റ്.

അവൾ നമ്മുടെ എത്ര ഓണവും വിഷുവും ദീപാവലിയും ക്രിസ്മസുമെല്ലാം തന്റെ സ്വരലാവണ്യം കൊണ്ട്ഹൃദ്യ ധന്യമാക്കി. ഇന്ത്യൻ ക്ലാസ്സിക്കൽ സംഗീതത്തിലും പാശ്ചാത്യ സംഗീതത്തിലും ഒരു പോലെ പ്രാവീണ്യം നേടിയ ഈ യുവപ്രതിഭ അകാലത്തിൽ വിട പറയുമ്പോൾ ആകെ തകർന്ന് പോയൊരു മലയാളി കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തിയത് കുറച്ചു ഗായകരും അടുത്ത സുഹൃത്തുക്കളും മാത്രം.

എവിടെ നമ്മുടെ സോ കാൾഡ് സാംസ്കാരിക നായകർ? എവിടെ നമ്മുടെ സമാജങ്ങളിലെ ഗർജ്ജിക്കുന്ന സിംഹങ്ങൾ? എവിടെ നമ്മുടെ സൗത്തിന്ത്യൻ സെല്ല് രാഷ്ട്രീയക്കാർ? എവിടെ നമ്മുടെ കലാ -സാംസ്കാരിക രംഗത്തെ ഒറ്റയാൾ പുലികൾ…?

ആശുപത്രിയുടെ അനാസ്ഥയാണ് മരണ കാരണമെന്ന് ഉറ്റവരും അടുപ്പമുള്ളവരും സൂചന നൽകുമ്പോൾ ഇവർക്കൊരു താങ്ങാകാൻ ഇവിടെ ഒരു നേതാക്കളുമില്ല, പ്രതികരിക്കാൻ ചങ്കുറപ്പുള്ള നേതാക്കളും പ്രശസ്ത വ്യക്തികളുമില്ല..

വർഷം തോറും ആഘോഷിച്ചു മുടിക്കുന്ന കോടികളുടെ ഒരു വിഹിതം മതി നല്ലൊരു മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ സ്വന്തമായി തുടങ്ങാൻ. പക്ഷെ ഇതിനെല്ലാം വേണ്ടി കൈകോർക്കാൻ ആരും തയ്യാറാകില്ല.

നഗരത്തിൽ ഇത്തരം അനാസ്ഥകൾ കൊണ്ട് പൊലിഞ്ഞ മലയാളി ജീവിതങ്ങൾ നിരവധിയാണ് . ഇതിനെ ചോദ്യം ചെയ്താൽ മെഡിക്കൽ സയൻസിലെ ന്യായങ്ങൾ നിരത്തിയും അധികൃതർക്ക് പണം നൽകിയും കുറ്റവാളികൾ രക്ഷപ്പെടുന്നു.

അടുത്ത കാലത്ത് ഡോംബിവിലിയിലെ അറിയപ്പെടുന്ന ഒരു വ്യക്തി തന്റെ ഭാര്യക്കും മക്കൾക്കും ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കും ഒരു സന്ദേശം കൈമാറി. തലക്കെട്ടായി മൂന്ന് ആശുപത്രികളുടെ പേരായിരുന്നു. ” നടന്നു കയറിയാൽ കിടന്നിറങ്ങാവുന്ന വ്യത്യസ്ത സ്ഥാപനങ്ങൾ ” എന്നാണ് അദ്ദേഹം അവയെ വിശേഷിപ്പിച്ചത്. ഏത് മഹാരോഗം വന്നാലും തന്നെ ഈ ആശുപത്രികളിലേക്ക് കൊണ്ടു പോകരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യർഥന.
സമീപ കാലത്ത് നഗരത്തിലെ അറിയപ്പെടുന്ന പല വ്യക്തികളും ഈ വിധം മേൽ സൂചിപ്പിച്ച ആശുപത്രികളിലേക്ക് നടന്ന് വിയർത്തു കയറുകയും തണുത്ത് വിറങ്ങലിച്ച് കണ്ണാടിക്കൂട്ടിൽ പുറത്തു വരികയും ചെയ്തു. അനാസ്ഥ മൂലം മരണപ്പെട്ടാലും രണ്ടും മൂന്നും ദിവസം വെൻഡിലേറ്ററിൽ കുഴലുകളിട്ട് കിടത്തുക എന്നതും ഇവരുടെ മറ്റൊരു ക്രൂരതന്ത്രമാണത്രെ. അപ്പോൾ ബന്ധുക്കളുടെ രക്തസമ്മർദ്ദം പൊലെ ആശുപത്രി ബില്ലിലെ തുകയും കൃതിച്ചുയരും. പ്രിയപ്പെട്ടവന്റെ പായ്ക്ക് ചെയ്ത ശരീരം വിട്ടുകിട്ടാൻ കിടപ്പാടം പോലും വിറ്റ് ബില്ലടയ്ക്കാൻ വിധിക്കപ്പെട്ടവർ നിരവധിയാണ്.

അന്നം കൊണ്ടു വന്നിരുന്ന ജീവൻ മാത്രമല്ല അവർ കെടുത്തിക്കളയുന്നത്. ആശ്രിത കുടുംബത്തിന്റെ നാളെകളേയും അവർ കൂരിരുട്ടിലാക്കുന്നു. ആശുപത്രിയുടെ മറവിൽ പ്രവർത്തിക്കുന്ന ഏജന്റുകൾ വരെയുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.

വർഷം തോറും ആഘോഷിച്ചു മുടിക്കുന്ന കോടികളുടെ ഒരു വിഹിതം മതി നല്ലൊരു മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ സ്വന്തമായി തുടങ്ങാൻ. പക്ഷെ ഇതിനെല്ലാം വേണ്ടി കൈകോർക്കാൻ ആരും തയ്യാറാകില്ല. സ്വന്തം തട്ടകത്തിൽ തട്ടിക്കൂട്ട് സംഘടനകൾ ഉണ്ടാക്കി സാംസ്‌കാരിക നായകന്മാരായി വിലസാനാണ് പലർക്കും താല്പര്യം.

വർഗീയമായും രാഷ്ട്രീയമായും വിഘടിച്ചു മനുഷ്യത്വം മരവിച്ച്‌ പോയൊരു സമൂഹമായി മാറിയോ പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന മുംബൈ മലയാളികൾ? സ്വന്തം വിശ്വാസങ്ങളുടെ തടവറയിൽ വെറും ന്യായീകരണ തൊഴിലാളികളായി വാട്സാപ്പ് പോലെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ മാത്രം വിഹരിച്ചു സായൂജ്യമടയുമ്പോൾ കുടുംബത്തിന് സംഭവിച്ച അത്യാഹിതം ഒരു വിഷയമേ അല്ലാതാകുന്നു!.

പ്രിയനന്ദന്റെ തലയിലെ ചാണക വാർത്തയിലും കനക ദുർഗ്ഗയും അമ്മായി അമ്മയും എന്ന വിഷയത്തിലും ഉറക്കമൊഴിച്ചിരുന്ന് പ്രതികരിച്ചവരെയൊന്നും ഈ വഴി കണ്ടില്ല ? സഹജീവിയുടെ കണ്ണീരൊപ്പാനുള്ള നന്മ പോലും അവശേഷിക്കാത്ത എന്ത് കൂട്ടായ്മയാണ് നിങ്ങളെല്ലാം പ്രതിനിധാനം ചെയ്യുന്നത് ?.

വെറും ഓണാഘോഷങ്ങളുടെ അടപ്രഥമനിലും സംഘനൃത്തങ്ങളിലും. അവസാനിക്കുന്ന സ്റ്റീരിയോ ടൈപ്പ് കൂട്ടായ്മകൾ കൊണ്ട് നഗരത്തിലെ മലയാളികൾക്ക് എന്ത് നേട്ടമാണുള്ളത് ?

സഹജീവികളുടെ ഓരോ ദുരന്തത്തെയും സ്വന്തം ജീവിതത്തിലാണ് എന്ന് ഒരു നിമിഷം സങ്കല്പിക്കാൻ കഴിഞ്ഞാൽ മതി, ഇത്തരം ക്രൂരതകൾക്കെതിരെ കൂട്ടായി പ്രതികരിക്കാനുള്ള സിംഹശക്തി സംഭരിക്കാൻ…!

സ്നേഹിക്കയില്ല ഞാൻ
നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു
തത്ത്വശാസ്ത്രത്തെയും.
……………

  • എന്ന് ഒരു പാവം മുംബൈ മലയാളി

LEAVE A REPLY

Please enter your comment!
Please enter your name here