സിനിമാ ലോകത്ത് ഉയർന്നു വരുന്ന അഭിനേതാക്കളുടെ സുരക്ഷാ ആശങ്കകൾക്ക് വെളിച്ചം വീശുന്ന ഹൃസ്വചിത്രവുമായി നടിയും നർത്തകിയുമായ ഉത്തര ഉണ്ണി നിതേഷ്.
സംഘർഷങ്ങൾക്കും വെല്ലുവിളികൾക്കും ഇടയിലൂടെ മുന്നേറുന്ന പുതുമുഖങ്ങളുടെയും ജൂനിയർ നടന്മാരുടെയും സുരക്ഷിതത്വ പ്രശ്നങ്ങളെ ആസ്പദമാക്കിയാണ് ‘ബാബാ’ എന്ന ഹ്രസ്വചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
ആരെ വിശ്വസിക്കണം എന്ന് തെളിയിക്കാൻ വ്യക്തമായ സംവിധാനങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ, പല സ്ത്രീകളും “അവസരങ്ങൾ” നേടാനെന്ന പേരിൽ അപകട സാധ്യതകൾ ഏറ്റുവാങ്ങുകയാണ്.
15 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ത്രില്ലർ-ഡ്രാമ വിഭാഗത്തിൽപ്പെട്ട ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും ഉത്തര ഉണ്ണിയാണ്. അഭിനയത്തേക്കാൾ കൂടുതൽ താല്പര്യം എഴുത്തിനോടും സംവിധാനത്തിനോടുമാണെന്ന് ഉത്തര പറയുന്നു. അങ്ങിനെയാണ് ഉപരി പഠനത്തിന് വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ തിരഞ്ഞെടുത്തതും. ഇതിന് മുൻപും ഉത്തര സംവിധാനം ചെയ്തോരുക്കിയ ഹൃസ്വ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. പ്രശസ്ത ചലച്ചിത്ര നടി ഊർമ്മിള ഉണ്ണിയുടെ മകളാണ് ഉത്തര.
പ്രഗത്ഭനായ നടൻ ജാഫർ ഇടുക്കിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകനായ അളഗപ്പൻ ഒരുക്കിയ ദൃശ്യങ്ങൾ സിനിമയുടെ പ്രത്യേക ആകർഷണമായി മാറുന്നു.
‘ബാബാ’ 2025 ഓഗസ്റ്റ് 24-ന് പ്രേക്ഷകരുടെ മുന്നിലെത്തും.

