മഹാരാഷ്ട്രയിലെ വസായ്-വിരാർ മുനിസിപ്പൽ കോർപ്പറേഷന്റെ വാട്ടർ ടാങ്കിൽ നിന്ന് ക്ലോറിൻ സിലിണ്ടർ ചോർന്നതിനെ തുടർന്ന് വിഷവാതകം പടർന്ന് ഒരാൾ മരിക്കുകയും 18 പേർ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. സംഭവത്തിൽ അധികൃതരുടെ അനാസ്ഥയാണ് കാരണമായി നാട്ടുകാർ പരാതിപ്പെടുന്നത്. സംഭവത്തിൽ സുതാര്യമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.
ജലശുദ്ധീകരണത്തിനായി ഉപയോഗിക്കുന്ന ക്ലോറിൻ സിലിണ്ടറിൽ നിന്നാണ് വാതകം ചോർന്നത്. മണിക്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന വസായ് വെസ്റ്റിലെ ദിവാൻമാൻ ശ്മശാനത്തിന് സമീപം വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം സംഭവിച്ചത്. സമീപ പ്രദേശങ്ങളിലുണ്ടായിരുന്ന ഒരു ഡസനിലധികം ആളുകളെ വിഷവാതകം ബാധിച്ചതായി റിപ്പോർട്ടുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഒരാൾ മരണപ്പെട്ടത്.
വിവരം ലഭിച്ചതിന്റെ പിന്നാലെ അഗ്നിശമന സേനയും പോലീസും തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മുൻകരുതൽ നടപടികളുടെ ഭാഗമായി പ്രദേശവാസികളെ ഒഴിപ്പിച്ചതായും സംഭവവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

