ജന്മനാടിന്റെ സംസ്കാരത്തിലും പൈതൃകത്തിലും അഭിമാനം കൊള്ളുന്ന മലയാളികളെ കാണാൻ മറുനാട്ടിലെത്തണമെന്നും കേരളത്തിൽ ജാതി മത രാഷ്ട്രീയ മുഖങ്ങളായി മലയാളി മാറിയെന്നും ചലച്ചിത്ര നടൻ പ്രേംകുമാർ പറഞ്ഞു. ന്യൂ ബോംബെ കൾച്ചറൽ സെന്ററർ 33-ാം വാർഷികാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മുൻ കേരള സർക്കാർ ചലച്ചിത്ര അക്കാദമി ചെയർമാൻ
സംഗീത–നൃത്ത സന്ധ്യയുമായി ന്യൂ ബോംബെ കൾച്ചറൽ സെന്ററർ സംഘടിപ്പിച്ച വാർഷികാഘോഷ പരിപാടി മുംബൈ മലയാളികളുടെ സ്നേഹസംഗമമായി.

മലയാളമെന്ന ശ്രേഷ്ഠ ഭാഷ സ്വന്തമായിട്ടുള്ള ജനതയാണ് കേരളീയരെന്നും, മാതൃഭാഷയുടെ പേരിലെങ്കിലും ഒറ്റകെട്ടായി മുന്നോട്ട് പോകാൻ നമുക്ക് കഴിയണമെന്നും പ്രേംകുമാർ പറഞ്ഞു. കേരളം വിട്ട് പുറത്ത് പോകുന്നവരാണ് മലയാളത്തെ പരിപോഷിപ്പിക്കുന്നതെന്നും നടൻ ചൂണ്ടിക്കാട്ടി. മലയാളികളെ കാണാൻ മറുനാട്ടിലെത്തണമെന്നും കേരളത്തിൽ ജാതി മത രാഷ്ട്രീയ മുഖങ്ങളായി മലയാളി മാറിയെന്നും നടൻ ആശങ്ക പങ്ക് വെച്ചു . മലയാളത്തോട് തനിക്ക് അതിയായ പ്രണയമെണെന്ന് പറഞ്ഞ പ്രേംകുമാർ, അവതാരകനായ പി ആർ സഞ്ജയിന്റെ ഭാഷാ വൈഭവത്തെയും പ്രകീർത്തിച്ചു.
ന്യൂ ബോംബെ കൾച്ചറൽ സെന്ററർ കലാ സാഹിത്യ ജീവകാരുണ്യ മേഖലകളിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് പ്രേംകുമാർ പറഞ്ഞു. സംഘടനയുടെ അംഗങ്ങൾ കാത്ത് സൂക്ഷിക്കുന്ന ഒത്തൊരുമയും വനിതകളുടെയും, യുവാക്കളുടെയും സജീവ പങ്കാളിത്തവും ശ്ലാഘനീയമാണെന്ന് പ്രേംകുമാർ പറഞ്ഞു.
സാംസ്കാരിക ചടങ്ങിൽ പ്രസിഡന്റ് മനോജ് മാളവിക, സെക്രട്ടറി എ വി ബാബുരാജ്, കെയർ ഫോർ മുംബൈ പ്രസിഡന്റ് എം കെ നവാസ്, സാമൂഹിക പ്രവർത്തകൻ ശശി ദാമോദരൻ എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ വിവിധ മലയാളി സംഘടനാ പ്രതിനിധികളെയും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെയും ആദരിച്ചു.
തുടർന്ന് സംഗീത നൃത്ത പരിപാടികളും അരങ്ങേറി.

