More
    HomeNewsരാമായണ മാസം… രാമന്റെ അയനം… രാമ രാജ്യം.

    രാമായണ മാസം… രാമന്റെ അയനം… രാമ രാജ്യം.

    Published on

    ഇന്ന് കർക്കിടകം ഒന്ന്.
    രാമായണ മാസത്തിന്റെ തുടക്കം!!

    രാമായണം എന്നത് കേവലം ഒരു മതഗ്രന്ഥമല്ല. “രാമന്റെ അയനം” അതായത് രാമന്റെ ജീവിതയാത്രയാണ്. അതുകൊണ്ടുതന്നെ രാമായണം വായിക്കേണ്ടത് കഥ അറിയാനല്ല, ജീവിതം മനസ്സിലാക്കാനാണ്.

    ഗൗരവമായി രാമായണം വായിക്കാൻ തുടങ്ങിയത് ബിരുദ പഠനകാലത്താണ്. പരീക്ഷയ്ക്ക് മാർക്ക് നേടാൻ വേണ്ടിയായിരുന്നില്ല ആ വായന. ഓരോ കഥാപാത്രത്തിന്റെയും മനസ്സിലേക്കും ഓരോ സംഭവത്തിന്റെയും ആശയങ്ങളുടെ ഉള്ളറകളിലേക്കും ഇറങ്ങിച്ചെല്ലാനായിരുന്നു ശ്രമം. പഠനത്തിന്റെ ഭാഗമായി പല ഭാഗങ്ങൾക്കും ആസ്വാദനക്കുറിപ്പുകൾ എഴുതിയപ്പോൾ, രാമായണം ഒരു മതഗ്രന്ഥം മാത്രമല്ല, മനുഷ്യജീവിതത്തിന്റെ അനന്തസാധ്യതകൾ തുറന്നുകാട്ടുന്ന മഹാകാവ്യമാണെന്ന് കൂടുതൽ ബോധ്യപ്പെട്ടു.

    ഓരോ വായനയും പുതിയൊരു രാമായണമാണ് സമ്മാനിച്ചത്.

    ആദ്യ വായനയിൽ ശ്രദ്ധിക്കാതെ പോയ കഥാപാത്രങ്ങൾ പിന്നീട് ഏറ്റവും വലിയ ജീവിതപാഠങ്ങൾ പഠിപ്പിച്ചു. ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട സംഭവങ്ങളേക്കാൾ, അധികം ചർച്ച ചെയ്യപ്പെടാത്ത നിമിഷങ്ങളാണ് എന്നെ കൂടുതൽ ചിന്തിപ്പിച്ചത്.

    അതുകൊണ്ടാണ് ഇന്നും ഞാൻ വിശ്വസിക്കുന്നത്…

    ലോകത്തിലെ ഏറ്റവും ജീവിതഗ്രന്ഥിയായ മഹാകാവ്യങ്ങളിൽ ഒന്നാണ് രാമായണം.

    കാലം മാറി…
    രാഷ്ട്രീയം മാറി…
    ഭരണസംവിധാനങ്ങൾ മാറി…
    പക്ഷേ മനുഷ്യന്റെ ധർമ്മസങ്കടങ്ങളും അധികാരത്തിന്റെ പരീക്ഷണങ്ങളും ജനങ്ങളുടെ ചോദ്യങ്ങളും ഇന്നും മാറിയിട്ടില്ല.

    അതിനാലാണ് ആയിരക്കണക്കിന് വർഷങ്ങൾക്കിപ്പുറവും രാമായണം നമ്മോട് ഇന്നും സംസാരിക്കുന്നത്.

    ബാലകാണ്ഡം വിദ്യാഭ്യാസത്തിന്റെയും വ്യക്തിത്വ രൂപീകരണത്തിന്റെയും പ്രാധാന്യം പഠിപ്പിക്കുന്നു.

    അയോധ്യാകാണ്ഡം അധികാരത്തേക്കാൾ ധർമ്മം വലുതാണെന്ന് പഠിപ്പിക്കുന്നു. രാജാഭിഷേകത്തിന് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ, സിംഹാസനവും കൊട്ടാരവും സമ്പത്തും ഉപേക്ഷിച്ച് വനവാസം സ്വീകരിച്ച രാമൻ അധികാരത്തിനുവേണ്ടി ഒരു തുള്ളി രക്തം പോലും ചൊരിയാൻ തയ്യാറായില്ല.

    അരണ്യകാണ്ഡം പ്രതിസന്ധികളിലും മൂല്യങ്ങൾ കൈവിടരുതെന്ന് പഠിപ്പിക്കുന്നു.

    കിഷ്കിന്ധാകാണ്ഡം നേതൃത്വത്തിന്റെ പാഠമാണ്.

    സുന്ദരകാണ്ഡം പ്രതീക്ഷയുടെ കാവ്യമാണ്.

    യുദ്ധകാണ്ഡം തിന്മയ്ക്കെതിരായ പോരാട്ടത്തിന്റെ സന്ദേശമാണ് നൽകുന്നത്.

    പക്ഷേ…

    ഈ മഹാകാവ്യത്തിൽ എന്നെ ഏറ്റവും കൂടുതൽ സ്പർശിച്ച കഥാപാത്രം ഊർമ്മിളയാണ്.

    രാമൻ വനവാസത്തിന് പോകുമ്പോൾ സീത അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

    എന്നാൽ ലക്ഷ്മണൻ ഒരു നിമിഷം പോലും ആലോചിക്കാതെ ജ്യേഷ്ഠസഹോദരനോടൊപ്പം വനത്തിലേക്ക് ഇറങ്ങിപ്പോയി.

    പിന്നിൽ ഒരക്ഷരം പോലും പറയാതെ…

    “എന്നെയും കൂടെ കൊണ്ടുപോകൂ” എന്ന് ആവശ്യപ്പെടാതെ…

    “എന്തുകൊണ്ടാണ് എന്നെ ഒറ്റയ്ക്കാക്കുന്നത്?” എന്ന് ചോദിക്കാതെ…

    പതിനാലു വർഷം ഭർത്താവിന്റെ തിരിച്ചുവരവ് കാത്ത് ജീവിച്ച സ്ത്രീയാണ് ഊർമ്മിള.

    ചരിത്രം പലപ്പോഴും നിശ്ശബ്ദമായി ത്യാഗം ചെയ്തവരെ ആഘോഷിച്ചു കണ്ടിട്ടില്ല!!

    ഇതിലും ഹൃദയം തകർക്കുന്ന ഒരു രംഗമുണ്ട്.

    മാരീചൻ രാമന്റെ ശബ്ദം അനുകരിച്ച് നിലവിളിക്കുന്നു.

    രാമന് ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പുള്ള ലക്ഷ്മണൻ പോകാൻ മടിക്കുന്നു.

    അപ്പോൾ സീത പറയുന്ന വാക്കുകൾ…

    സ്വന്തം ജീവിതം മുഴുവൻ രാമനും സീതയ്ക്കും വേണ്ടി സമർപ്പിച്ച ലക്ഷ്മണനെ, അവളുടെ മേൽ മോഹമുള്ളതുകൊണ്ടാണ് പോകാത്തതെന്ന് വരെ സംശയിക്കുന്ന വാക്കുകൾ.

    ആ ഭാഗം വായിക്കുമ്പോഴെല്ലാം ഞാൻ മറ്റൊന്നാണ് ചിന്തിക്കുന്നത്.

    ആ വാക്കുകൾ ഊർമ്മിള കേട്ടിരുന്നെങ്കിൽ…?

    പതിനാലു വർഷം ഒരു പരാതിയും പറയാതെ ഭർത്താവിനെ കാത്തിരുന്ന ആ സ്ത്രീയുടെ ഹൃദയം എത്രമാത്രം തകർന്നേനേ?

    അതിനുശേഷം എന്നെ ഏറ്റവും കൂടുതൽ ചിന്തിപ്പിച്ച സംഭവം സീതയുടെ അഗ്നിപരീക്ഷയാണ്.

    രാവണനെ വധിച്ച് സീതയെ തിരികെ കൊണ്ടുവന്ന ശേഷമാണ് ആ സംഭവം നടക്കുന്നത്.

    രാമന് സീതയെക്കുറിച്ച് സംശയമുണ്ടായിരുന്നുവെങ്കിൽ, അവളെ വീണ്ടെടുക്കാൻ ഇത്ര വലിയ യുദ്ധം തന്നെ നടത്തുമായിരുന്നില്ല. അനുസരണക്കേട് കാണിച്ചു അപകടത്തിൽ പെട്ട സീതയെ രാമൻ ഒരിക്കലും കുറ്റം പറയുന്നില്ല!!

    ഹനുമാനെ അശോകവനത്തിലേക്ക് അയച്ചതും സീതയുടെ പവിത്രത പരിശോധിക്കാനല്ല!!!

    അപ്പോൾ എന്തിനായിരുന്നു അഗ്നിപരീക്ഷ? വാൽമീകി രാമായണത്തിൽ രാമൻ മുന്നോട്ടുവയ്ക്കുന്നത് ഒരു ഭരണാധികാരിയുടെ ധർമ്മസങ്കടമാണ്.

    ഒരു രാജാവിന് തന്റെ സ്വകാര്യവിശ്വാസം മാത്രം മതിയോ?
    അതോ ജനങ്ങളുടെ മനസ്സിലുള്ള സംശയങ്ങൾക്കും മറുപടി നൽകേണ്ട ബാധ്യതയുണ്ടോ?

    സീത അഗ്നിയിൽ പ്രവേശിക്കുന്നു.
    അഗ്നിദേവൻ അവളെ യാതൊരു ദോഷവും ഏൽക്കാതെ പുറത്തുകൊണ്ടുവരുന്നു.

    ഈ സംഭവത്തെ സ്ത്രീസമത്വത്തിന്റെ കാഴ്ചപ്പാടിൽ വിമർശിക്കാം.ആ വിമർശനങ്ങൾ തുടരുകയും വേണം. പക്ഷേ ഒരു രാഷ്ട്രീയപാഠവും അതിലുണ്ട്.

    “ഞാൻ പറയുന്നത് വിശ്വസിച്ചാൽ മതി” എന്ന നിലപാട് രാമൻ സ്വീകരിച്ചില്ല എന്നൊരു വായനയും ഇവിടെ രാമായണത്തിനുണ്ട്.

    പിന്നീട് ഉത്തരകാണ്ഡത്തിൽ മറ്റൊരു സംഭവം നടക്കുന്നു.

    അയോധ്യയിലെ ഒരു “വണ്ണാൻ” ഭാര്യയുമായി വഴക്കിടുമ്പോൾ പറയുന്ന വാക്കുകൾ രാജാവിന്റെ ചെവിയിലെത്തുന്നു.

    “ഞാൻ രാമനല്ല; മറ്റൊരാളുടെ വീട്ടിൽ കഴിഞ്ഞ ഭാര്യയെ സ്വീകരിക്കാൻ.”

    ഒരു സാധാരണ പൗരന്റെ, സമൂഹത്തിൽ ഏറ്റവും ബലഹീനന്റെ ഭരണകൂട വിമർശനം.
    രാമന് അയാളെ ശിക്ഷിക്കാമായിരുന്നു, ജയിലിലടക്കാമായിരുന്നു, “രാജാവിനെ അപമാനിച്ചുവെന്ന്” പറഞ്ഞ് ശബ്ദം നിശ്ശബ്ദമാക്കാമായിരുന്നു.

    പക്ഷേ രാമായണം പറയുന്നത് മറ്റൊന്നാണ്. ആ എളിയവന്റെ വിമർശനം പോലും ഒരു ഭരണാധികാരി അതീവ ഗൗരവത്തോടെ എടുത്തു.

    അതിന്റെ തുടർച്ചയായാണ് ഗർഭിണിയായ സീതയെ വനത്തിലേക്ക് അയക്കുന്നത്.

    ആ തീരുമാനം ശരിയായിരുന്നോ?

    അല്ല എന്നും ശരിയെന്നും വിമർശനമുണ്ട്

    പക്ഷേ…
    ചോദ്യം ചോദിച്ച പൗരനെ രാമൻ രാജ്യദ്രോഹിയാക്കിയില്ല.

    ഇവിടെയാണ് ഇന്നത്തെ ഇന്ത്യയോട് ചില ചോദ്യങ്ങൾ ഉയരുന്നത്.

    ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് സംശയം ഉയർന്നാൽ എന്താണ് സംഭവിക്കുന്നത്?

    അന്വേഷണ ഏജൻസികളുടെ നിഷ്പക്ഷത ചോദ്യം ചെയ്താൽ എന്താണ് മറുപടി?

    ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചാൽ എന്താണ് പ്രതികരണം?

    ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണോ?അതോ ചോദ്യം ചോദിച്ചവനെ വിചാരണ ചെയ്യുകയാണോ ചെയ്യുന്നത്?

    മഹാത്മാ ഗാന്ധി സ്വപ്നം കണ്ട രാമരാജ്യം സത്യത്തിന്റെ രാജ്യം ആയിരുന്നു. നീതിയുടെ രാജ്യം ആയിരുന്നു.അഹിംസയുടെ രാജ്യം ആയിരുന്നു.

    ഏറ്റവും അവസാന മനുഷ്യനും തുല്യനീതി ലഭിക്കുന്ന രാജ്യം ആയിരുന്നു.

    ഇന്ന് അയോധ്യയിൽ ഭവ്യമായ ക്ഷേത്രമുണ്ട്.
    അത് വിശ്വാസത്തിന്റെ പ്രതീകമാണ്. പക്ഷെ അവിടെ നടന്നുവെന്ന് ആരോപിക്കുന്ന കൊള്ള ദുഃഖവും നടുക്കവും ഉണ്ടാക്കുന്നതാണ്.

    ഗാന്ധിജി സ്വപ്നം കണ്ട രാമരാജ്യം ക്ഷേത്രങ്ങളിൽ അല്ല…ജനങ്ങളുടെ വിശ്വാസം നിലനിർത്തിയുള്ള ഭരണത്തിലായിരുന്നു.

    ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയിലായിരുന്നു. ചോദ്യം ചോദിക്കാനുള്ള സ്വാതന്ത്ര്യത്തിലായിരുന്നു. സത്യത്തിന് മുന്നിൽ അധികാരവും തലകുനിക്കണമെന്ന മൂല്യത്തിലായിരുന്നു.

    ഈ കലിയുഗത്തിൽ കർക്കിടകത്തിൽ രാമായണം വായിക്കുമ്പോൾ നാം പുണ്യം മാത്രം മതിയെന്ന് വാശി പിടിക്കരുത്!!

    രാമനെ അറിയാനും സ്വന്തം സാമൂഹിക, രാഷ്ട്രീയ ജീവിത സാഹചര്യത്തിൽ രാമന്റെ കണ്ണിലൂടെ ലോകത്തെ കാണാനുമുള്ള ആഹ്വാനമാണ് ഓരോ രാമായണ മാസവും!!

    നാം രാമായണ പാരായണം നടത്തുമ്പോൾ രാമനെ പഠിക്കുകയാണ്.

    അധികാരം കിട്ടിയാൽ എങ്ങനെ പെരുമാറണം…

    വിമർശനം വന്നാൽ എങ്ങനെ പ്രതികരിക്കണം…

    ധർമ്മത്തിനുവേണ്ടി എത്ര വില കൊടുക്കണം…

    ഒരു ഭരണാധികാരി ജനങ്ങളുടെ വിശ്വാസം എങ്ങനെ കാത്തുസൂക്ഷിക്കണം…

    രാമന്റെ ചിത്രം ഉയർത്തിയാൽ രാമരാജ്യമാകില്ല.രാമന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമ്പോഴാണ് യഥാർത്ഥ രാമരാജ്യം ജനിക്കുന്നത്!!

    ഈ രാമായണ മാസത്തിൽ രാമാനോടൊപ്പം രാമന്റെ രാജ്യത്തിലൂടെ ഒരു അയനമാകാം…

    അനുഗ്രഹപ്രദമാകട്ടെ കർക്കിടകം!!!

    • നെല്ലൻ ജോയി

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് ബലിയും തിലഹോമവും ആഗസ്റ്റ് 12ന്

    മുംബൈ: മുൻ വർഷങ്ങളിലേത് പോലെ ഈ വർഷവും എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖ നമ്പർ 4961-ന്റെ നേതൃത്വത്തിൽ കർക്കിടക...

    നിത്യജീവിതവുമായി ബന്ധപ്പെട്ട കലാരൂപമാണ് നൃത്തമെന്ന് ചലച്ചിത്ര നടനും ക്ലാസിക്കൽ നർത്തകനുമായ വിനീത് കുമാർ

    നവി മുംബൈ നാട്യാഞ്ജലി ആർട്ട്സ് ആൻഡ് കൾച്ചറൽ അസോസിയേഷന്റെ പതിമൂന്നാമത് വാർഷികാഘോഷം ശ്രദ്ധേയമായി. ക്ലാസിക്കൽ നർത്തകനും ചലച്ചിത്ര നടനുമായ വിനീത്...

    ടി.ടി.എഫ്‌.എ.സി-മലയാളം മിഷൻ പ്രവേശനോത്സവം

    മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ് (TTFAC) നടത്തുന്ന മലയാളം ക്‌ളാസ്സുകളുടെ പുതിയ അധ്യയന...

    കണ്ണ് ശസ്ത്രക്രിയയ്ക്ക് മണിക്കൂറുകൾക്കകം ചികിത്സാസഹായം; AIKMCC മഹാരാഷ്ട്രയുടെ മാതൃകാപരമായ ഇടപെടൽ

    മുംബൈ: അടിയന്തരമായി കണ്ണ് ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം ആവശ്യമായിരുന്ന അസുഖബാധിതയായ ഒരു സ്ത്രീക്ക് മണിക്കൂറുകൾക്കകം ആവശ്യമായ തുക സമാഹരിച്ച്...
    spot_img

    More like this

    എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് ബലിയും തിലഹോമവും ആഗസ്റ്റ് 12ന്

    മുംബൈ: മുൻ വർഷങ്ങളിലേത് പോലെ ഈ വർഷവും എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖ നമ്പർ 4961-ന്റെ നേതൃത്വത്തിൽ കർക്കിടക...

    നിത്യജീവിതവുമായി ബന്ധപ്പെട്ട കലാരൂപമാണ് നൃത്തമെന്ന് ചലച്ചിത്ര നടനും ക്ലാസിക്കൽ നർത്തകനുമായ വിനീത് കുമാർ

    നവി മുംബൈ നാട്യാഞ്ജലി ആർട്ട്സ് ആൻഡ് കൾച്ചറൽ അസോസിയേഷന്റെ പതിമൂന്നാമത് വാർഷികാഘോഷം ശ്രദ്ധേയമായി. ക്ലാസിക്കൽ നർത്തകനും ചലച്ചിത്ര നടനുമായ വിനീത്...

    ടി.ടി.എഫ്‌.എ.സി-മലയാളം മിഷൻ പ്രവേശനോത്സവം

    മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ് (TTFAC) നടത്തുന്ന മലയാളം ക്‌ളാസ്സുകളുടെ പുതിയ അധ്യയന...