ഡോംബിവ്‌ലി: വരദ വിനായക് ഹാളിൽ സംഘടിപ്പിച്ച ഡോംബിവ്‌ലി നായർ വെൽഫെയർ അസോസിയേഷന്റെ 38-ാമത് വാർഷികാഘോഷവും ഓണാഘോഷവും നഗരത്തിലെ പതിവ് ഓണാഘോഷങ്ങളിൽ നിന്ന് വേറിട്ട അനുഭവമായി.
സെപ്റ്റംബർ 27ന് രാവിലെ ഒമ്പതിന് അസോസിയേഷൻ പ്രസിഡന്റ് കെ. വേണുഗോപാൽ, ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ, മറ്റ് ഭരണസമിതി അംഗങ്ങൾ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിവരെ നീണ്ടുനിന്ന ആഘോഷത്തിൽ അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും സമൂഹത്തിലെ പ്രമുഖരും ഉൾപ്പെടെ വലിയ ജനപങ്കാളിത്തമാണുണ്ടായത്.

കലാപരിപാടികളായിരുന്നു ആഘോഷത്തിന്റെ പ്രധാന ആകർഷണം. ശാസ്ത്രീയ നൃത്തവും സിനിമാറ്റിക് നൃത്തവും സമന്വയിപ്പിച്ച വൈവിധ്യമാർന്ന നൃത്താവിഷ്കാരങ്ങളും ഹൃദയസ്പർശിയായ ഗാനങ്ങളും സദസ്സിന്റെ ശ്രദ്ധ നേടി. ഗൃഹാതുരത്വം പകരുന്ന ഗാനങ്ങൾക്കൊപ്പം പുതുതലമുറയുടെ ഇഷ്ടഗാനങ്ങളും വേദിയിൽ നിറഞ്ഞപ്പോൾ സദസ്സ് താളംപിടിച്ചും നൃത്തം ചെയ്തും കലാകാരന്മാർക്ക് പിന്തുണ നൽകി.

അസോസിയേഷൻ പ്രസിഡന്റ് കെ. വേണുഗോപാലും ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണനും ഔപചാരിക പ്രസംഗങ്ങൾ നടത്തി. വിശിഷ്ടാതിഥി രാജേഷ് പാലാട്ട് സദസ്സിന്റെ മനസ്സറിഞ്ഞ് ഹ്രസ്വവും അർത്ഥവത്തുമായ പ്രസംഗത്തിലൂടെ തന്റെ അനുഭവങ്ങളും ആശയങ്ങളും പങ്കുവച്ചു. കേരളത്തിലെ കരയോഗങ്ങൾക്ക് മാതൃകയാണ് മുംബൈയിലെ നായർ സമുദായ സംഘടനകളുടെ പ്രവർത്തന മികവെന്ന് അഡ്വ. രാജേഷ് പാലാട്ട് ചൂണ്ടിക്കാട്ടി. മഹാനഗരത്തിലെ തിരക്ക് പിടിച്ച ജീവിതത്തിനിടയിലും സമയം കണ്ടെത്തി പടുത്തുയർത്തിയ ഈ കൂട്ടായ്മയിലെ അംഗങ്ങളുടെ പങ്കാളിത്തവും ഉത്സാഹവുമാണ് തന്നെ വിസ്മയിപ്പിക്കുന്നതെന്നും അഭിഭാഷകനായ പാലാട്ട് കൂട്ടിച്ചേർത്തു.
താലപ്പൊലിയോടെ മഹാബലിക്ക് സ്വീകരണം നൽകിയതോടെ ഓണത്തിന്റെ പരമ്പരാഗത ഓർമ്മകൾക്ക് വേദിയിൽ വീണ്ടും ജീവൻ ലഭിച്ചു.

വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങളും വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെയും ചടങ്ങിൽ ആദരിച്ചു.
അസോസിയേഷന്റെ വാർഷിക പ്രസിദ്ധീകരണമായ ‘നിത്യചൈതന്യം’ ചടങ്ങിൽ പ്രകാശനം ചെയ്ത് വിതരണം ചെയ്തു.
കലാപരിപാടികളുടെ ആസ്വാദനത്തിൽ നിറഞ്ഞ മനസ്സുമായി സദസ്സിലെത്തിയവർക്ക് രുചിയുടെ ഉത്സവവും ഒരുക്കിയിരുന്നു. തൂശനിലയിൽ വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പിയപ്പോൾ നഗരജീവിതത്തിനിടയിലും തിരുവോണത്തിന്റെ ഗൃഹാതുരത്വം അനുഭവിക്കാനായി.
സാധാരണയായി ഉച്ചഭക്ഷണത്തിന് ശേഷം പല പരിപാടികളിലും സദസ്സ് ഒഴിയുന്ന പതിവിൽ നിന്ന് വ്യത്യസ്തമായി, സദ്യയ്ക്കുശേഷവും ഹാൾ ജനനിബിഡമായി തുടർന്നു. രാവിലെ മുതൽ ഉച്ചകഴിഞ്ഞ് വരെ ചിട്ടയോടെയും ആസൂത്രണ മികവോടെയും സംഘടിപ്പിച്ച ആഘോഷ പരിപാടികളോടുള്ള അംഗങ്ങളുടെയും സമൂഹത്തിന്റെയും പിന്തുണയുടെ പ്രതിഫലനമായിരുന്നു ഈ ജനപങ്കാളിത്തം.
പാരമ്പര്യവും കലയും കൂട്ടായ്മയും രുചിയും ഒരുമിച്ചുചേർന്ന ആഘോഷമായി ഡോംബിവ്‌ലി നായർ വെൽഫെയർ അസോസിയേഷന്റെ 38-ാമത് വാർഷികവും ഓണാഘോഷവും ശ്രദ്ധേയമായി. Tune in Amchi Mumbai for the highlights of the event
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI
Every Saturday | 4:30 PM | Kairali News
