ചലച്ചിത്ര നടി നവ്യ നായരാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഒരു പൊതു പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു സംഘാടകരോട് നടി വേദിയിൽ വച്ച് തന്നെ പരിഭവം തുറന്ന് പറഞ്ഞത്.
മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ സംസാരിക്കവെയായിരുന്നു നവ്യ ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാൻ പറ്റില്ലെന്നും ഭർത്താവും മകനും അറിഞ്ഞാൽ എന്തു വിചാരിക്കുമെന്നും പറഞ്ഞു കൊണ്ട് സദസ്സിൽ ചിരി പടർത്തിയത്.
സംഘാടകർ പുറത്തിറക്കിയ ബുക്ക്‌ലെറ്റിൽ തനിക്ക് രണ്ടു മക്കൾ ഉണ്ടെന്നാണ് എഴുതിയിരിക്കുന്നത്. എന്നാൽ തനിക്ക് ഒരു മകൻ മാത്രമാണ് ഉള്ളതെന്നും ബുക്കിൽ യാമിക എന്ന പേരിൽ മകളുണ്ടെന്ന വിവരം തെറ്റാണെന്നും നവ്യ സംഘാടകരെ തിരുത്തി. തനിക്ക് രണ്ടു മക്കൾ ഇല്ലെന്നും, ഭർത്താവ് അറിഞ്ഞാൽ എന്തു വിചാരിക്കുമെന്നുമാണ് നവ്യ ചോദിച്ചത്. തന്റെ മകനും കുടുംബവും ഇതിനെ എങ്ങിനെ സ്വീകരിക്കുമെന്നും നവ്യ ചോദിക്കുന്നു.
ഇത്തരം കാര്യങ്ങൾ ഊഹിച്ച് എഴുതരുതെന്നും ഇന്ന് വിക്കിപീഡിയ പോലുള്ള സാങ്കേതിക സൗകര്യങ്ങൾ എളുപ്പത്തിൽ ലഭ്യമായിരിക്കെ സംഘാടകർ കുറച്ച് കൂടി ജാഗ്രത കാണിക്കണമായിരുന്നുവെന്നും നവ്യ പറഞ്ഞു.അതിഥികളെ വിളിക്കുമ്പോൾ അവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ തന്നെ എഴുതണമെന്നും
നവ്യ സൂചിപ്പിച്ചു.
അതെ സമയം താൻ അഭിനയിക്കാത്ത കുറെ സിനിമകളുടെ ലിസ്റ്റ് കൂടി അതിൽ എഴുതിച്ചേർത്തിട്ടുണ്ടെന്നും അതേതായാലും താൻ അഡ്‌ജസ്റ്റ് ചെയ്തോളാമെന്നും സദസ്സിൽ കൈയ്യടി ഉയർത്തി നവ്യ കൂട്ടിച്ചേർത്തു..