മുംബൈ: നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ പ്രീമിയം നിരക്കുകൾ കുത്തനെ ഉയർത്തിയ നടപടി അടിയന്തരമായി പുനഃപരിശോധിച്ച്, പ്രവാസികൾക്ക് താങ്ങാനാവുന്ന നിരക്കിൽ ആരോഗ്യപരിരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ആസ്ഥാനമായുള്ള ജീവകാരുണ്യ സംഘടനയായ കെയർ 4 മുംബൈ കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകി. നിലവിലെ വർധന റദ്ദാക്കി, നാമമാത്രമായ വർധനയോടെ കഴിഞ്ഞ വർഷത്തെ താങ്ങാനാവുന്ന നിരക്കുകളും വ്യവസ്ഥകളും പുനഃസ്ഥാപിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
2026 ഒക്ടോബർ 28-ന് സമർപ്പിച്ച നിവേദനത്തിൽ, കഴിഞ്ഞ വർഷം ആരംഭിച്ച നോർക്ക കെയർ പ്രവാസി മലയാളികൾക്കായി നടപ്പാക്കിയ ഏറ്റവും പ്രയോജനകരമായ ക്ഷേമപദ്ധതികളിലൊന്നാണെന്ന് കെയർ 4 മുംബൈ ചൂണ്ടിക്കാട്ടി. അഞ്ച് ലക്ഷം രൂപയുടെ കുടുംബ ഇൻഷുറൻസ് പരിരക്ഷ, നിലവിലുള്ള രോഗങ്ങൾക്കുൾപ്പെടെ ആദ്യദിവസം മുതൽ പരിരക്ഷ എന്നിവയായിരുന്നു പദ്ധതിയുടെ പ്രധാന ആകർഷണങ്ങൾ.
പദ്ധതിയുടെ ആദ്യവർഷം ഇൻഷുറൻസ് പോളിസി വാങ്ങാൻ സാമ്പത്തികശേഷിയില്ലാത്ത 56 കുടുംബങ്ങൾക്കായി കെയർ 4 മുംബൈ 7,14,118 രൂപയുടെ പ്രീമിയം അടച്ചിരുന്നു. പദ്ധതിയിലൂടെ നിരവധി കുടുംബങ്ങൾക്ക് അടിയന്തര ചികിത്സാ സാഹചര്യങ്ങളിൽ സഹായം ലഭിച്ചതായും സംഘടന നിവേദനത്തിൽ വ്യക്തമാക്കി.
എന്നാൽ, പുതുക്കലിനായി നോർക്ക കെയർ പോർട്ടൽ തുറന്നപ്പോൾ പ്രീമിയം നിരക്കുകളിൽ വലിയ വർധനവാണ് ശ്രദ്ധയിൽപ്പെട്ടതെന്ന് സംഘടന ആരോപിച്ചു. 61 വയസ്സുള്ള പ്രാഥമിക അംഗമുള്ള ഒരു കുടുംബത്തിന്റെ അഞ്ച് ലക്ഷം രൂപയുടെ ഫാമിലി ഫ്ലോട്ടർ പോളിസിയുടെ പ്രീമിയം 13,411 രൂപയിൽനിന്ന് 44,718 രൂപയായി ഉയർന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഒറ്റ അംഗത്തിനുള്ള പോളിസിയുടെ പ്രീമിയം 8,101 രൂപയിൽനിന്ന് 28,326 രൂപയായും, സ്വയം ഉൾപ്പെടെ മാതാപിതാക്കൾക്കുള്ള പോളിസിയുടെ പ്രീമിയം 13,411 രൂപയിൽനിന്ന് 95,271 രൂപയായും വർധിച്ചതായും സംഘടന വ്യക്തമാക്കി.
ഇൻഷുറൻസ് പ്രീമിയത്തിൽ ന്യായമായ വർധന അംഗീകരിക്കാമെങ്കിലും ഒരു വർഷത്തിനുള്ളിൽ ഇത്രയധികം വർധന വരുത്തുന്നത് സാധാരണക്കാരായ പ്രവാസികൾക്ക് പദ്ധതി അപ്രാപ്യമാക്കുമെന്ന് കെയർ 4 മുംബൈ ആശങ്ക പ്രകടിപ്പിച്ചു. ആരോഗ്യപരിരക്ഷ ഏറ്റവും കൂടുതൽ ആവശ്യമായ പ്രായത്തിൽ സാമ്പത്തികഭാരം കാരണം പോളിസി പുതുക്കാൻ കഴിയാത്ത സാഹചര്യം ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
പ്രീമിയം നിരക്കുകളിലെ അസാധാരണമായ വർധന അടിയന്തരമായി റദ്ദാക്കി, കഴിഞ്ഞ വർഷത്തെ നിരക്കുകൾ നാമമാത്രമായ വർധനയോടെ പുനഃസ്ഥാപിക്കണമെന്ന് മുഖ്യമന്ത്രിയോട് സംഘടന അഭ്യർഥിച്ചു. നിവേദനത്തിന്റെ പകർപ്പുകൾ കേരള ചീഫ് സെക്രട്ടറി, നോർക്കയുടെ സ്പെഷ്യൽ സെക്രട്ടറി, നോർക്ക സി.ഇ.ഒ എന്നിവർക്കും നൽകിയിട്ടുണ്ട്.
കെയർ 4 മുംബൈ പ്രസിഡന്റ് നവാസ് എം.കെ., സെക്രട്ടറി പ്രിയ എം. വർഗീസ് എന്നിവർ ഒപ്പിട്ട നിവേദനത്തിൽ, പ്രവാസികളുടെ ക്ഷേമവും ആരോഗ്യസുരക്ഷയും മുൻനിർത്തി സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
