ഡോ. എ. പി. ജയരാമൻ മുഖ്യപ്രഭാഷണം നടത്തും
നവി മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം നവി മുംബൈ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷം നവംബർ ഒന്നിന് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. ഞായറാഴ്ച വൈകിട്ട് ആറിന് സി.ബി.ഡി. ബേലാപ്പൂർ സെക്ടർ 8A-യിലെ കൈരളി ഹാളിലാണ് ആഘോഷ പരിപാടികൾ നടക്കുക.
മലയാള ഭാഷയുടെ പ്രചാരണവും കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ നേട്ടങ്ങളും വെല്ലുവിളികളും വിലയിരുത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യം. ആഘോഷത്തിന്റെ ഭാഗമായി നൃത്തം, സംഗീതം, കവിതാപാരായണം തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറും.
തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പ്രമുഖ ആണവശാസ്ത്രജ്ഞനും സ്വതന്ത്രചിന്തകനും പ്രഭാഷകനും മലയാളം മിഷൻ മുംബൈ ചാപ്റ്റർ ചെയർമാനുമായ ഡോ. എ. പി. ജയരാമൻ ‘കേരളം: അഭിമാനിക്കാൻ ഏറെയുണ്ട്, തിരുത്താനും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും.
മലയാള ഭാഷാ പ്രചാരണ സംഘം രക്ഷാധികാരിയും കേരളീയ കേന്ദ്ര സംഘടന പ്രസിഡന്റുമായ ടി. എൻ. ഹരിഹരൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. പരിപാടിയിൽ പങ്കെടുക്കുന്നവർക്കായി ലഘുഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
കേരളത്തിന്റെ ഭാഷാ-സാംസ്‌കാരിക പൈതൃകം ആഘോഷിക്കുന്ന പരിപാടിയിലേക്ക് മലയാള ഭാഷാ സ്നേഹികളെയും സാംസ്‌കാരിക പ്രവർത്തകരെയും പൊതുജനങ്ങളെയും സംഘാടകർ ഹാർദമായി സ്വാഗതം ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക് മേഖലാ സെക്രട്ടറി ജയനാരായണനെ 9552577519 എന്ന നമ്പറിൽ ബന്ധപ്പെടാം.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
