അഹമ്മദാബാദിൽ നിന്നും കർണാടകയിലെ ബൈൻഡൂറിലേക്ക് യാത്ര ചെയ്തിരുന്ന പത്തനംതിട്ട കുമ്പഴ സ്വദേശിയാണ് കൊങ്കൺ റെയിൽവേ റൂട്ടിൽ രാജാപ്പൂർ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണത്. അഹമ്മദാബാദ് നിവാസിയായ എം ജി ശിവാനന്ദൻ ഭാര്യാസമേതം കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിനായി യാത്ര ചെയ്യുന്നതിനിടെയായിരുന്നു അന്ത്യം സംഭവിച്ചത്. 69 വയസ്സായിരുന്നു
ക്രോസിങ്ങിന് വേണ്ടി രാജാപ്പൂർ സ്റ്റേഷനിൽ ട്രെയിൻ കൂടുതൽ സമയം നിറുത്തുന്നത് പതിവാണ്. ഈ സമയത്താണ് ട്രെയിനിൽ നിന്നിറങ്ങിയത്. പ്ലാറ്റ് ഫോമിലെ ബെഞ്ചിലിരുന്നു വിശ്രമിക്കുമ്പോഴായിരുന്നു ദേഹാസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു.
ഫെയ്മ മഹാരാഷ്ട്ര യാത്രാസഹായ വേദി വാട്ട്സെപ്പ് ഗ്രൂപ്പാണ് പ്രദേശത്തെ മലയാളി സംഘടനകളുമായി ബന്ധപ്പെട്ട് സഹായങ്ങൾ ഏകോപിപ്പിച്ചത്. തുടർന്ന് രാജാപ്പൂർ ഓണി ആശുപത്രിയിലേക്ക് മാറ്റിയ ഭൗതിക ശരീരം കർണാടകയിൽ നിന്നും ബന്ധുക്കൾ എത്തിയാണ് ഏറ്റെടുത്ത് അന്ത്യകർമ്മങ്ങൾക്കായി അഹമ്മദാബാദിലേക്ക് കൊണ്ട് പോയത് .