ബോംബെ കേരളീയ സമാജം കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ അന്താരാഷ്ട വനിതാദിനം ആഘോഷിച്ചു. മാർച്ച് 8 ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് നടന്ന പരിപാടിയിൽ നൂറിലധികം വനിതകൾ പങ്കെടുത്തു. എസ് ഐ ഇ എസ് കോളേജ്, സയൺ മുൻ പ്രിൻസിപ്പൽ ഡോക്ടർ ഉമാ മഹേശ്വരി ശങ്കർ മുഖ്യാതിഥിയായിരുന്നു. ചെമ്പൂർ വെസ്റ്റ് റോട്ടറി ക്ലബ്ബിന്റെ പ്രോജക്ട് ഡയറക്ടർ ആശാ ജനാർദ്ദനനും, എം റ്റി എൻ എൽ ചീഫ് എഞ്ചിനീയർ ആയിരുന്ന സാന്താക്രൂസ് സമാജം സെക്രട്ടറി സി.പി.കുസുമ കുമാരിയമ്മ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
സമാജം വൈസ് പ്രസിഡൻറ് ക്യാപ്റ്റൻ. കെ ദേവദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന പരിപാടിയിൽ ജോയൻ്റ് സെക്രട്ടറി ടി എ ശശി സ്വാഗതം പറഞ്ഞു. സമാജത്തിലെ ചെമ്പൂർ ബ്രാഞ്ച് ഇൻചാർജ് ഡോക്ടർ റാണി സുരേഷ് ആരോഗ്യ പരിരക്ഷയെയും പരിപാലനത്തെയും കുറിച്ചു അംഗങ്ങൾക്ക് ബോധവൽക്കരണം നടത്തി.
മുഖ്യാതിഥിയും വിശിഷ്ടാതിഥികളും ഡോക്ടർ റാണി സുരേഷും പങ്ക് വച്ച വിജ്ഞാനപ്രദമായ വിവരങ്ങൾ സദസ്സിന് പ്രചോദനമേകുന്നതായിരുന്നു. വിശിഷ്ട വ്യക്തിത്വങ്ങളുടെ പ്രഭാഷണങ്ങളും അനുഭവ വിവരണങ്ങളും സ്ത്രീ ശാക്തീകരണത്തിൻ്റെയും സ്വയം പര്യാപ്തതയുടെയും പ്രസക്തി പ്രസരിപ്പിച്ചു.
ചടങ്ങിൽ അവതാരികയും സമാജം വനിതാ വിഭാഗം മെമ്പർ ഇൻ ചാർജുമായ ജ്യോതിർമയി നന്ദി രേഖപ്പെടുത്തി.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം വനിതകൾക്കായി നിരവധി മത്സര പരിപാടികളും വിജയികൾക്കു സമ്മാന ദാനവുമുണ്ടായിരുന്നു. സമാജം നടത്തിവരുന്ന KG ക്ലാസിന്റെ റിട്ടയേർഡ് അധ്യാപികമാരായ മീനാമണി അയ്യർ, മംഗള സ്വാമിനാഥൻ, മുൻകാല ജീവനക്കാരിയായ സംഗീത പ്രകാശ് എന്നിവരെ ആദരിച്ചു.