മുംബൈ: മഹാരാഷ്ട്രയിലെ കല്യാൺ ഈസ്റ്റിൽ താമസിച്ചിരുന്ന മലയാളി വയോധികൻ ടി. കെ. വേലായുധൻ (ഏകദേശം 70 വയസ്സ്) മരണപ്പെട്ടതായി പോലീസ് അറിയിച്ചു. മരിച്ചയാളുടെ അടുത്ത ബന്ധുക്കളെയോ കുടുംബാംഗങ്ങളെയോ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കല്യാൺ ഈസ്റ്റിലെ ജരിമരി മന്ദിറിന് സമീപമുള്ള മിത്ര സംഘം സൊസൈറ്റി, ചാൾ നമ്പർ 5, റൂം നമ്പർ 1-ലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. വീട്ടുടമ നൽകിയ വിവരത്തെ തുടർന്ന് കോൾസേവാടി പോലീസ് സ്ഥലത്തെത്തി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും മൃതദേഹം കല്യാൺ വെസ്റ്റിലെ രുക്മിണിഭായ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.
പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായ ശേഷം റിപ്പോർട്ടും അനുബന്ധ രേഖകളും ഒന്നോ രണ്ടോ ദിവസത്തിനകം കോൾസേവാടി പോലീസിന് കൈമാറും. തുടർന്ന് ബന്ധുക്കളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.
മൃതദേഹം ഏഴ് ദിവസത്തേക്ക് രുക്മിണിഭായ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും. ഈ കാലയളവിനുള്ളിൽ ബന്ധുക്കളോ നിയമപരമായ അവകാശികളോ ആരും എത്തിച്ചേരാത്ത പക്ഷം, കല്യാൺ-ഡോംബിവ്ലി മുനിസിപ്പൽ കോർപ്പറേഷന്റെ സഹായത്തോടെ നിലവിലുള്ള നിയമനടപടികൾ പാലിച്ച് മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ടി. കെ. വേലായുധനെക്കുറിച്ചോ അദ്ദേഹത്തിന്റെ ബന്ധുക്കളെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർ എത്രയും വേഗം കോൾസേവാടി പോലീസുമായോ ബന്ധപ്പെട്ട അധികൃതരുമായോ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർഥിച്ചു.
മലയാളി സമൂഹവും സാമൂഹിക സംഘടനകളും ഈ വിവരം പരമാവധി പങ്കുവെച്ച് ബന്ധുക്കളെ കണ്ടെത്താൻ സഹകരിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
