ഇന്ത്യയിലെ പ്രഥമ പൗരന്റെ കയ്യിൽ നിന്നും അവാർഡ് ഏറ്റു വാങ്ങുന്നത് സ്വപ്നം കണ്ടു സ്വന്തം ചിലവിൽ കുടുംബക്കാരെയും കൂട്ടി ഡൽഹിയിലേക്ക് പോയ ചലച്ചിത്ര പ്രവർത്തകർ നിരാശരായി . ഭരണസംവിധാനത്തിൽ പലപ്പോഴും ഒറ്റയായും കൂട്ടായും സംഭവിക്കുന്നതുപോലെ അവസാന ലാപ്പിലെ തകിടം മറിച്ചിലിൽ സർക്കാരിൽ നിന്നും അറിയിപ്പ്: രാഷ്ട്രപതിക്ക് ഒരു മണിക്കൂറിൽ കൂടുതൽ സമയം നിൽക്കാൻ കഴിയില്ല , അതിനാൽ 11 പേർക്ക് മാത്രമേ രാഷ്ട്രപതിയുടെ കയ്യിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങാനുള്ള സൗഭാഗ്യം ഉണ്ടാകൂ . ബാക്കി പുരസ്കാരങ്ങൾ വാർത്താ വിതരണ വകുപ്പ് മന്ത്രി സ്‌മൃതി ഇറാനി നൽകുന്നതായിരിക്കും . രാഷ്ട്രപതി ഓഫീസ് പുറത്തിറക്കിയ പുതിയ പ്രോട്ടോക്കോൾ ആണെന്നാണ് ഭരണ പാർട്ടിക്കാർ ചാനൽ ചർച്ചയിൽ ന്യായീകരിക്കുന്നത് . അങ്ങിനെയൊരു പ്രോട്ടോക്കോൾ ഉണ്ടെങ്കിൽ അത് തലേന്ന് റിഹേഴ്സൽ സമയത്തല്ല പറയുക എന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയുള്ളവരൊക്കെ തന്നെയാണ് ഈ അവാർഡ് ജേതാക്കൾ . ഇനി അങ്ങിനെയാണെങ്കിൽ തന്നെ ക്ഷണക്കത്തിൽ രാഷ്ട്രപതി അവാർഡ് നൽകും എന്ന് എഴുതണമായിരുന്നോ ?? ഈ ചോദ്യങ്ങളൊക്കെ സമാശ്വസിപ്പിക്കാൻ വന്ന മന്ത്രി ഇറാനിജിയോട് ചോദിച്ച് ചലച്ചിത്ര പ്രവർത്തകർ പലരും അവാർഡ് നിരസിച്ചു എന്നാണ് കേട്ട് കേൾവി .
രാഷ്ട്രപതി അവാർഡ് നൽകുന്നതാണല്ലോ കീഴ്വഴക്കം, അതിനാൽ ആയിരിക്കും ഇവരൊക്കെ പലരും കുടുംബസമേതം ഡൽഹിക്ക് പ്ലെയിൻ കയറിയത്. പക്ഷെ രാഷ്ട്രപതിക്ക് ഒരു മണിക്കൂറിൽ കൂടുതൽ വേദിയിൽ നിൽക്കാൻ കഴിയില്ല എന്ന കാര്യമുണ്ടോ ഇങ്ങു തെക്കേ തലക്കൽ കിടക്കുന്ന നമ്മുടെ ആളുകൾക്കറിയൂ . സത്യത്തിൽ ഇന്നലെ ഈ വാർത്ത കണ്ടപ്പോഴാണ് എനിക്ക് എന്നോട് തന്നെ ഒരു മതിപ്പും ബഹുമാനവും ഒക്കെ തോന്നിയത് , കാരണം ഇന്ത്യയുടെ പ്രഥമ പൗരന് വർഷത്തിൽ ഒരിക്കൽ ഒരു മണിക്കൂർ സമയം പോലും നിൽക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുന്ന സ്ഥാനത്താണ് ഞാൻ എന്ന BPL പൗരൻ ഒരു ദിവസം മൂന്നു മണിക്കൂറോളം ഒറ്റക്കാലിൽ ലോക്കൽ ട്രെയിനിൽ നിൽക്കുന്നത് . ഒരാൾക്ക് ചെയ്യാൻ കഴിയാത്ത കാര്യം വേറൊരാൾ ചെയ്യുന്നതാണല്ലോ മഹത്വത്തിന്റെ മാനദണ്ഡമായി നമ്മൾ കരുതിവച്ചിരിക്കുന്നത് . അപ്പോൾ എനിക്കും ഒരു നിമിഷം തോന്നി ഞാനൊരു മഹാൻ തന്നെയാണെന്ന് , എന്നെപ്പോലെ ലോക്കൽ ട്രെയിനിൽ യാത്രചെയ്യുന്ന മറ്റു പലർക്കും ഇത് തോന്നിക്കാണും .
ചാനൽ ചർച്ചയിൽ അറിയാൻ കഴിഞ്ഞത് , പ്രസിഡന്റിന് വയ്യെങ്കിൽ വൈസ് പ്രസിഡന്റ് തരട്ടെ എന്നും അതുമല്ലെങ്കിൽ അവാർഡ് രണ്ടു ദിവസമായി നടത്തട്ടെ എന്നും ഒക്കെയുള്ള നിരുപദ്രവമായ പോംവഴികൾ മന്ത്രി ഇറാനിജിയുടെ മുന്നിൽ അവാർഡ് ജേതാക്കൾ വച്ചൂ എന്നും പക്ഷെ മന്ത്രി അതിനൊന്നും വഴങ്ങിയില്ല എന്നുമാണ് പറയപ്പെടുന്നത് . മന്ത്രിയുടെ പിടി വാശി കണ്ടു പലർക്കും മണിച്ചിത്രത്താഴിൽ നകുലനോട് കയർക്കുന്ന ശോഭനയുടെ മുഖം ഓർമ്മ വന്നു എന്നും ചില സംസാരമുണ്ട് . “എന്താ പോയാല് , ഞാൻ പോയാലെന്താ” എന്ന പോലെ ” എന്താ തന്നാല് , ഞാൻ അവാർഡ് തന്നാലെന്താ ” എന്ന മട്ടിലുള്ള ഭാവം കണ്ടു പലരും ഹോട്ടലിലേക്ക് പിൻവലിഞ്ഞു എന്നും പറയപ്പെടുന്നു .
ഇതൊക്കെ കണ്ടപ്പോഴാണ് ഇത്തരം സങ്കീർണ്ണതകളെ വളരെ ഫലപ്രദമായി കൈകാര്യം ചെയ്ത ഞങ്ങളുടെ നാട്ടിലെ പഞ്ചായത്തു ഭരണസമിതിയെ ഓർമ്മ വരുന്നത് . സാഹിത്യകാരന്മാരും കലാകാരന്മാരും സ്പോർട്സ്മാൻമാരും നിർബാധം മേയുന്ന ഞങ്ങളുടെ നാട്ടിൽ പഞ്ചായത്ത് കലാ സാഹിത്യ മത്സരങ്ങളും സ്പോർട്സ് മത്സരങ്ങളും ഒക്കെ സംഘടിപ്പിക്കാറുണ്ട് . മൂന്നുനാലു മണിക്കൂർ നീണ്ടു നിൽക്കുന്ന പുരസ്‌കാര ചടങ്ങായിരിക്കും . സാഹിത്യ കാരന്മാർക്കും കലാകാരന്മാർക്കും ഒക്കെ വേദിയിൽ ഇരിക്കുന്ന പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ പഞ്ചായത്തു ഭരണ സമിതി അംഗങ്ങളാണ് സമ്മാനം നൽകുക . സത്യത്തിൽ ഇത്തരം ചടങ്ങുകളിൽ വച്ചാണ് ഇവരൊക്കെയാണ് നമ്മുടെ പ്രതിനിധികൾ എന്ന് ജനം അറിയുന്നത് . അത് അറിയിക്കാനുള്ള ഒരു വേദികൂടിയാണ് ഇത്തരം ചടങ്ങുകൾ എന്ന് കൂട്ടിക്കോളൂ .
ദീർഘ നേരം നീണ്ടു നിൽക്കുന്ന ഈ അവാർഡ് പ്രഹസനം ഒഴിവാക്കാൻ ഭരണ സമിതിയിൽ ഉരുത്തിരിഞ്ഞു വന്ന ഒരു നിർദേശവും ഞങ്ങളുടെ പഞ്ചായത്ത് വിജയപ്രദമായി നടപ്പാക്കി. അതായത് ഒന്നിലധികം സമ്മാനങ്ങൾ നേടിയവർക്ക് ഒരൊറ്റ പുരസ്കാരം മാത്രം നൽകുക . പുരസ്കാരത്തിന്മേൽ ഏതൊക്കെ വിഭാഗത്തിലാണോ വിജയിച്ചത് അതിന്റെ ഒക്കെ പേർ എഴുതി ചേർക്കുക , സ്ഥലപരിമിതി ഉണ്ടെങ്കിൽ പിൻപുറത്തും എഴുതാവുന്നതാണ് . ഇത്തരം ബുദ്ധി രാഷ്ട്രപതി ഓഫിസിലെ ആർക്കും തോന്നാതെ പോയത് എന്താണെന്ന് മനസ്സിലാകുന്നില്ല . കേരളത്തിലെ അവാർഡ് ജേതാക്കൾക്ക് മൊത്തമായി ഒരു മൊമെന്റോ നൽകിയാൽ മതിയായിരുന്നു , ഞങ്ങളുടെ പഞ്ചായത്തിനെ മാതൃകയാക്കി അതിൽ എല്ലാവരുടെയും നാമം ആലേഖനം ചെയ്‌താൽ ഈ പൊല്ലാപ്പുകളൊക്കെ ഒഴിവാക്കാമായിരുന്നു .
അത് പോട്ടെ , പറഞ്ഞു വന്നത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ കാര്യമാണല്ലോ . അവാർഡ് ചടങ്ങിൽ പ്രതിഷേധിച്ചു കൊണ്ടുള്ള നിവേദനത്തിൽ ശ്രീ യേശുദാസ്, ശ്രീ ജയരാജ് എന്നിവർ ഒപ്പിട്ടെങ്കിലും അവർ പ്രസിഡന്റിന്റെ കൈയ്യിൽ നിന്നും അവാർഡ് ഏറ്റു വാങ്ങിയത്രേ . വല്ലാത്തൊരു ചതിയായിപ്പോയി . അവാർഡ് കിട്ടിയ നമ്മുടെ ന്യൂജൻകാർ പലരും തന്നെ പറയുന്നത് ഈ പുരസ്കാരം ചക്കയിട്ടപ്പോൾ മുയലിനെ കിട്ടിയപോലെയാണെന്നാണ് . ഈ അവാർഡ് നിരസിച്ചതുമൂലം ഇനി അടുത്ത അവസരത്തിനായി പ്ലാവിലെ ചക്ക മുഴുവൻ ചിലപ്പോൾ കൊത്തിയിടേണ്ടതായി വരും. പക്ഷെ അവിടെയും നിയമ പ്രശ്നമുണ്ട് , ഔദ്യോഗിക പക്ഷി, മൃഗം, മരം ഇവയെയൊന്നും കൊല്ലാനോ നോവിക്കാനോ പാടില്ല , (മനുഷ്യന്റെ കാര്യത്തിൽ മാത്രമേ ഈ നിബന്ധന ഇല്ലാതുള്ളൂ) . “ചക്ക” നമ്മുടെ ഔദ്യോഗിക ഫലമായതൊന്നും ഷൂട്ടിംഗ് തിരക്കിൽ നിങ്ങൾ അറിഞ്ഞിരിക്കാൻ സാധ്യതയില്ല, അതുകൊണ്ടു മുയലിനെ കിട്ടാൻ ചക്കയൊക്കെ കൊത്തിയിടും മുമ്പേ ഒന്നാലോചിച്ചാൽ നന്നായിരിക്കും . ചുമരുണ്ടെങ്കിലേ ചിത്രമെഴുതാൻ പറ്റൂ . (ഇതൊക്കെ രാജാ രവിവർമ്മയുടെ കാലത്തെ പഴഞ്ചൊല്ലാണ് , ഇപ്പോൾ ക്യാൻവാസിലും വരയ്ക്കാം എന്നറിയാം സാറേ .. ചൂടാവല്ലേ)..
പ്രേമം – കേരള ഹൗസിനോട് !
പൂരപ്പൊലിമയിൽ ആറാടി മുംബൈ മലയാളികൾ (Watch Video)
‘ആംചി മുംബൈ’ ഇനി ബുധനാഴ്ച രാത്രിയിലും