നവി മുംബൈ: കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കൈരളി സി.ബി.ഡി.യുടെ ആഭിമുഖ്യത്തിൽ മലയാളിത്തവും പഴയകാല ചലച്ചിത്രഗാനങ്ങളുടെ ഗൃഹാതുരത്വവും കോർത്തിണക്കിയ പ്രത്യേക സംഗീതസായാഹ്നം സംഘടിപ്പിക്കുന്നു. ‘മലയാളിമയും ചലച്ചിത്ര ഗാനങ്ങളും’ എന്ന പ്രമേയത്തിൽ പാടിയും പറഞ്ഞും മലയാളിയുടെ പ്രിയപ്പെട്ട ചലച്ചിത്രഗാനങ്ങളിലൂടെ ഒരു സർഗാത്മക യാത്രയാണ് പരിപാടിയിലൂടെ ഒരുക്കുന്നത്.
നവംബർ ഒന്നിന് ഞായറാഴ്ച വൈകിട്ട് 4.30 മുതൽ 6.30 വരെ സി.ബി.ഡി. ബെലാപൂരിലെ കൈരളി സി.ബി.ഡി. ഹാളിലാണ് പരിപാടി. പ്രശസ്ത ഗാനരചയിതാവും സംഗീതസംവിധായകനും ഗായകനുമായ ഇ.പി. സജീവനാണ് പരിപാടി സാക്ഷാത്കരിക്കുകയും നയിക്കുകയും ചെയ്യുന്നത്.
മലയാളത്തിന്റെ മാധുര്യവും പഴയകാല ചലച്ചിത്രഗാനങ്ങളുടെ ഓർമകളും അനുഭവങ്ങളും പങ്കുവെക്കുന്ന സംഗീതവിരുന്ന് പ്രവാസി മലയാളികൾക്ക് വേറിട്ടൊരു അനുഭവമായിരിക്കും. മലയാള ഭാഷയോടും കേരളത്തിന്റെ കലാ-സാംസ്കാരിക പൈതൃകത്തോടുമുള്ള ആദരവ് പുതുക്കുന്നതിനൊപ്പം പുതിയ തലമുറയ്ക്ക് മലയാളത്തിന്റെ സംഗീതപാരമ്പര്യം പരിചയപ്പെടുത്തുക എന്ന ലക്ഷ്യവും ആഘോഷത്തിനുണ്ട്.
കൈരളി സി.ബി.ഡി. പ്രസിഡന്റ് ജി. കൊമളൻ അധ്യക്ഷത വഹിക്കും. സെക്രട്ടറി ഇ. രാമദാസൻ സ്വാഗതവും ട്രഷറർ ബിനു പാപ്പച്ചൻ നന്ദിയും രേഖപ്പെടുത്തും.
കൈരളി കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും പരിപാടിയിലേക്ക് സംഘാടകർ ഹൃദയപൂർവം സ്വാഗതം അറിയിച്ചു. കേരളപ്പിറവി ദിനത്തിൽ മലയാളത്തിന്റെ മധുരവും ചലച്ചിത്രഗാനങ്ങളുടെ ഗൃഹാതുരത്വവും ആസ്വദിക്കാൻ ഒരുങ്ങുന്ന ഈ സംഗീതസായാഹ്നം പ്രവാസി മലയാളികൾക്ക് ഓർമയിൽ സൂക്ഷിക്കാവുന്ന അനുഭവമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
