നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധനയിൽ തുടർനടപടിക്ക് പ്രത്യേക സമിതി രൂപീകരിച്ചു. വർധിപ്പിച്ച നിരക്കുകൾ പുനഃപരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കുകയാണ് സമിതിയുടെ ലക്ഷ്യം. പ്രീമിയം കുറയ്ക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതിന് പിന്നാലെയാണ് പുതിയ നീക്കം. പ്രവാസി മലയാളികൾക്ക് ആശ്വാസകരമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം.
നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധനയുടെ സാഹചര്യം പരിശോധിച്ച് അടിസ്ഥാന ഇൻഷുറൻസ് പദ്ധതി സാധാരണ പ്രവാസികൾക്ക് താങ്ങാവുന്ന നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സമിതി വിലയിരുത്തും.

നേരത്തെ നവംബർ 10ന് ക്ലിഫ് ഹൗസിൽ കെയർ ഫോർ മുംബൈയുടെ പ്രതിനിധി സംഘം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രഖ്യാപിച്ച പ്രീമിയം നിരക്ക് കുറയ്ക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക സമിതിയെ ഉടൻ നിയോഗിച്ച് വിഷയം പരിശോധിക്കുമെന്നും പ്രവാസികൾക്ക് അനുകൂലമായ തീരുമാനം കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നതായി കെയർ ഫോർ മുംബൈ പ്രസിഡന്റ് എം.കെ. നവാസ് പറഞ്ഞു.
പുതിയ പ്രത്യേക സമിതിയുടെ പരിശോധനയും മുഖ്യമന്ത്രിയുടെ ഉറപ്പും ഫലപ്രദമായ നടപടികളിലേക്ക് നീങ്ങുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ. പുതുക്കിയ പ്രീമിയം നിരക്കും തുടർനടപടികളും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രവാസി സമൂഹം.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI Every Saturday | 4:30 PM | Kairali News
