രാത്രിയാത്രകളിൽ ഉറക്കത്തിനൊപ്പം സുരക്ഷയും ഉറപ്പാക്കുന്ന സ്ലീപ്പർ ബസുകൾ… യാത്രക്കാരുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന പുതിയ മാനദണ്ഡങ്ങൾ… ഈ മാറ്റങ്ങളുടെ ഭാഗമായി ദേശീയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച സ്ലീപ്പർ കോച്ചുകളുടെ നിർമ്മാണത്തിൽ പുതിയ നേട്ടവുമായി മഹാരാഷ്ട്രയിലെ പുണെ.
പുണെ ആസ്ഥാനമായ അജിൽ ഫൈബർടെക് പ്രൈവറ്റ് ലിമിറ്റഡ്, രാജ്യത്തെ മൂന്ന് പ്രധാന ബസ് ബോഡി സുരക്ഷാ മാനദണ്ഡങ്ങളായ AIS-052, AIS-119, AIS-153 എന്നിവയ്ക്ക് എ.ആർ.എ.ഐ അംഗീകാരം നേടുന്ന മഹാരാഷ്ട്രയിലെ ആദ്യ സ്ലീപ്പർ കോച്ച് നിർമ്മാതാക്കളായി മാറി. കമ്പനിയുടെ ‘AJIL LEGACY’ ശ്രേണിയിലുള്ള 13.5 മീറ്റർ എ.സി. സ്ലീപ്പർ കോച്ചുകൾക്ക് 56 മോഡലുകളിലായി അംഗീകാരം ലഭിച്ചു. ടാറ്റ, അശോക് ലെയ്‌ലൻഡ്, ഭാരത് ബെൻസ്, ഐഷർ എന്നീ നാല് പ്രമുഖ കമ്പനികളുടെ ഷാസികളിലാണ് കോച്ചുകൾ നിർമ്മിക്കുന്നത്.
സ്ലീപ്പർ ബസുകളുടെ നിർമ്മാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കിയ സാഹചര്യത്തിൽ, അംഗീകൃത നിർമ്മാതാക്കളിൽ നിന്നുള്ള കോച്ചുകൾ തിരഞ്ഞെടുക്കുന്നത് ബസ് ഓപ്പറേറ്റർമാർക്ക് നിർബന്ധമായും ആവശ്യമായി വരുന്നു. ഇതോടെ മഹാരാഷ്ട്രയിലെ ബസ് ഉടമകൾക്ക് സംസ്ഥാനത്തിനുള്ളിൽ തന്നെ അംഗീകൃത സ്ലീപ്പർ കോച്ചുകൾ ലഭ്യമാക്കാൻ കഴിയും.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഓരോ ബെർത്തിനും സമീപം എമർജൻസി എക്സിറ്റ് സൗകര്യങ്ങൾ, മേൽക്കൂരയിലെ എസ്കേപ്പ് ഹാച്ചുകൾ, ഗ്ലാസ് തകർക്കാനുള്ള ഹാമറുകൾ, സുരക്ഷാ ഗ്ലാസ്, തീ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സംവിധാനങ്ങൾ, തീ പ്രതിരോധശേഷിയുള്ള ഇന്റീരിയർ ഘടകങ്ങൾ എന്നിവ കോച്ചുകളിൽ ഒരുക്കിയിട്ടുണ്ട്.
രണ്ട് പതിറ്റാണ്ടിലേറെ വാഹന നിർമ്മാണ പരിചയമുള്ള അജിൽ ഫൈബർടെക്, ഫയർ ആൻഡ് റെസ്ക്യൂ വാഹനങ്ങൾ, ആംബുലൻസുകൾ, മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ, പൊലീസ്-പ്രതിരോധ വാഹനങ്ങൾ തുടങ്ങി വിവിധ പ്രത്യേക വാഹനങ്ങളും നിർമ്മിക്കുന്ന സ്ഥാപനമാണ്.
ദേശീയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച സ്ലീപ്പർ കോച്ചുകളുടെ നിർമ്മാണത്തിൽ ലഭിച്ച അംഗീകാരം യാത്രക്കാരുടെ സുരക്ഷയ്ക്ക് പുതിയ പ്രാധാന്യം നൽകുന്നതിനൊപ്പം മഹാരാഷ്ട്രയിലെ ബസ് നിർമ്മാണ മേഖലയ്ക്കും പുതിയ മുന്നേറ്റമാകുകയാണ്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
