മഹാരാഷ്ട്രയിൽ ദീപാവലി പോലെ തന്നെയാണ് ഓണവും ആഘോഷിക്കുന്നതെന്നും ജീവിക്കുന്ന ചുറ്റുപാടുകളോട് പ്രതിബദ്ധതയുള്ളവരാണ് മലയാളി സമൂഹമെന്നും എം എൽ എ പ്രതാപ് സർ നായക് പറഞ്ഞു. മഹാരാഷ്ട്രയിൽ ജീവിക്കുന്ന മലയാളികൾ പ്രസരിപ്പിക്കുന്ന പരസ്പര ബഹുമാനവും സൗഹൃദവും മാതൃകാപരമാണെന്നും പ്രതാപ് സർ നായക് പറയുന്നു.
നഗരവികസനത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും കലാ സാംസ്‌കാരിക രംഗത്തും സജീവമായ മലയാളി സമൂഹത്തിന് മഹാരാഷ്ട്ര സർക്കാർ നൽകുന്ന അംഗീകാരമാണ് താനെയിൽ നിർമ്മിക്കുന്ന കമ്മ്യൂണിറ്റി ഹാളെന്നും താനെ ഓവ് ല-മാജിവാഡാ നിയോജകമണ്ഡലം എം എൽ എ വ്യക്തമാക്കി. ആറായിരം ചതുരശ്ര അടിയിൽ തയ്യാറാകുന്ന ഹാളിന്റെ പകുതി ഭാഗം ക്രിസ്ത്യൻ സമൂഹത്തിനും നൽകുവാനാണ് തീരുമാനം.
മലയാളികൾ അടക്കം വിവിധ ഭാഷക്കാർക്കായി പന്ത്രണ്ടോളം കമ്മ്യൂണിറ്റി ഹാളുകളാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുന്നതെന്നും ഇതിന് വേണ്ട സ്ഥലം താൻ സൗജന്യമായാണ് നൽകുന്നതെന്നും പ്രതാപ് സർ നായക് പറഞ്ഞു.
പദ്ധതിയുടെ നിർമ്മാണത്തിനുള്ള മുഴുവൻ ചിലവും മഹാരാഷ്ട്രാ സർക്കാർ വഹിക്കുമെന്ന് പ്രതാപ് സർനായക് പറഞ്ഞു.
ആംചി മുംബൈക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പ്രതാപ് സർ നായക് താനെയിൽ നിർമ്മാണം തുടങ്ങാനിരിക്കുന്ന ആറു നിലകളിൽ പൂർത്തിയാകുന്ന സമാജ് ഭവന്റെ വിവരങ്ങൾ പങ്ക് വച്ചത്.
മുംബൈയിൽ ഒരു കാലത്ത് മലയാളികൾക്ക് പേടിസ്വപ്നമായിരുന്നു ശിവസേന. എന്നാൽ ഇന്ന് വളരെ അടുത്ത ബന്ധമാണുള്ളതെന്നും മലയാളികളെ കരുതലോടെയാണ് ചേർത്ത് പിടിക്കുന്നതെന്നും സാമൂഹിക പ്രവർത്തകനായ റോയ് ജോൺ മാത്യു പറഞ്ഞു. കേരളം പ്രളയക്കെടുതിയിൽ വലഞ്ഞപ്പോഴും വയനാട് ദുരന്തത്തിലും സഹായഹസ്തവുമായി മുന്നോട്ട് വന്നത് ശിവസേനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാളി സമൂഹത്തിന് ലഭിക്കുന്ന വലിയൊരു അംഗീകാരമാണ് മഹാരാഷ്ട്ര സർക്കാർ നിർമ്മിച്ച് നൽകുന്ന കമ്മ്യൂണിറ്റി ഹാളെന്നും റോയ് ജോൺ മാത്യു പറഞ്ഞു.
സർക്കാർ നിർമ്മിച്ച് നൽകുന്ന ഈ കമ്മ്യൂണിറ്റി ഹാൾ മുംബൈയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായ മലയാളികൾക്ക് വിലപ്പെട്ടതാണെന്നും ഞായറാഴ്ച നടക്കുന്ന ചടങ്ങിൽ താനെയിലെ മലയാളി സംഘടനപ്രവർത്തകരും അഭ്യുദയകാംക്ഷികളും പങ്കെടുക്കുമെന്നും ശിവസേനയിലെ മലയാളി നേതാക്കളായ ശ്രീകാന്ത് നായർ, ജയന്ത് നായർ എന്നിവർ അറിയിച്ചു.