നവി മുംബൈ: മാതാ അമൃതാനന്ദമയി മഠത്തിന്റെ ബ്രഹ്മസ്ഥാന വാർഷിക ഉത്സവത്തിന് നെരുൾ അമൃതപുരി ആശ്രമത്തിൽ തുടക്കമായി. സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ സാന്നിധ്യം ഉത്സവച്ചടങ്ങുകൾക്ക് ആത്മീയശോഭ പകരുന്നു. നവംബർ 18, 19 തീയതികളിൽ അമ്മയുടെ സത്സംഗം, ധ്യാനം, ദർശനം എന്നിവ നടക്കും. അമ്മയുടെ ദർശനത്തിനായി മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽനിന്നായി പതിനായിരക്കണക്കിന് ഭക്തർ നെരുളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉത്സവത്തിനെത്തുന്ന ഭക്തർക്കായി സൗജന്യ ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യുന്നതിനുള്ള വിപുലമായ സംവിധാനങ്ങളാണ് ആശ്രമത്തിൽ ഒരുക്കിയിരിക്കുന്നത്. ഭക്തജനങ്ങളുടെ തിരക്ക് പരിഗണിച്ച് സേവനപ്രവർത്തനങ്ങളും ഏകോപിപ്പിച്ചിട്ടുണ്ട്.

ആത്മീയാഘോഷങ്ങൾക്കൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പ്രത്യേക പ്രാധാന്യമാണ് ഇത്തവണ നൽകുന്നത്. അമ്മയുടെ നിർദേശപ്രകാരം ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനായി അമലഭാരതം പ്രവർത്തകരുടെ വിപുലമായ നിരയാണ് രംഗത്തുള്ളത്. വിദേശത്തുനിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള നൂറുകണക്കിന് സന്നദ്ധപ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കുചേരുന്നു.
തിരുവനന്തപുരം മാതാ അമൃതാനന്ദമയി മഠം ആശ്രമാധിപൻ സ്വാമി ശിവാമൃതാനന്ദപുരി, അമലഭാരതം പദ്ധതി ഡയറക്ടർ സ്വാമി ഗുരുപാദാനന്ദപുരി, അമൃത വിശ്വവിദ്യാപീഠം ഡയറക്ടർ സ്വാമി വിശ്വനാഥാമൃത ചൈതന്യ എന്നിവരുടെ നേതൃത്വത്തിലാണ് മുംബൈയിലെ അമലഭാരതം സേവനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

പതിനായിരക്കണക്കിന് ഭക്തർ എത്തിച്ചേരുന്ന ബ്രഹ്മസ്ഥാന പരിസരത്തെ ജൈവ-അജൈവ മാലിന്യങ്ങൾ കൃത്യമായി തരംതിരിച്ച് സംസ്കരണത്തിനായി അയക്കുന്നതിലൂടെ പരിസ്ഥിതി സൗഹൃദ ആഘോഷങ്ങളുടെ മാതൃക സൃഷ്ടിക്കുകയാണ് പ്രവർത്തകർ. ‘മാലിന്യമുക്ത നെരുൾ’ എന്ന സന്ദേശമാണ് ഇതിലൂടെ സമൂഹത്തിന് നൽകുന്നതെന്ന് സ്വാമി അവ്യയാമൃതാനന്ദപുരി പറഞ്ഞു.
ആത്മീയതയും സേവനവും പരിസ്ഥിതി സംരക്ഷണവും ഒരുമിക്കുന്ന ബ്രഹ്മസ്ഥാന വാർഷിക ഉത്സവം ഭക്തജനപങ്കാളിത്തത്തിനൊപ്പം സാമൂഹിക ഉത്തരവാദിത്തത്തിന്റെ സന്ദേശം കൂടി ഉയർത്തുകയാണ്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI Every Saturday | 4:30 PM | Kairali News
