മൂന്ന് റെയിൽവേ സോണുകളിലും സർവീസുകൾ വർധിപ്പിക്കണമെന്ന് ആവശ്യം
മുംബൈ: മുംബൈ സബർബൻ റെയിൽവേ ശൃംഖലയിൽ എ.സി. ലോക്കൽ ട്രെയിനുകളുടെ അപര്യാപ്തത യാത്രക്കാരെ ദുരിതത്തിലാക്കുന്നു. സെൻട്രൽ, വെസ്റ്റേൺ റെയിൽവേ സോണുകളിൽ നിലവിലുള്ള എ.സി. സർവീസുകളിൽ തിരക്ക് അസഹനീയമായതോടെ യാത്രക്കാരും റെയിൽവേ ജീവനക്കാരും തമ്മിൽ സംഘർഷാവസ്ഥ രൂപപ്പെടുന്നതായും പരാതി ഉയരുന്നു.
സെൻട്രൽ റെയിൽവേയിലെ ഏറ്റവും തിരക്കേറിയ കല്യാൺ–താനെ റൂട്ടിൽ താനെ–സി.എസ്.എം.ടി., കല്യാൺ–സി.എസ്.എം.ടി. എ.സി. ഫാസ്റ്റ്, സ്ലോ സർവീസുകളിൽ യാത്രക്കാർക്ക് കയറാൻ പോലും കഴിയാത്ത സ്ഥിതിയാണെന്ന് പരാതിയുണ്ട്. എ.സി. ലോക്കൽ സർവീസുകൾ ആരംഭിച്ച കാലത്ത് യാത്രക്കാരുടെ എണ്ണം കുറവായിരുന്നെങ്കിലും ഇപ്പോൾ സ്ഥിതി മാറിയിട്ടും ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കാൻ റെയിൽവേ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
സുരക്ഷ ഉറപ്പാക്കുന്നതിനായി നേരത്തെ വിവിധ സ്റ്റേഷനുകളിൽ ആർ.പി.എഫും റെയിൽവേ അധികൃതരും നൽകിയിരുന്ന സഹായവും ഇപ്പോൾ കുറഞ്ഞതായാണ് യാത്രക്കാരുടെ പരാതി. ട്രെയിനിൽ കയറിപ്പറ്റാനുള്ള ശ്രമത്തിനിടെ യാത്രക്കാർ തമ്മിലുള്ള തർക്കങ്ങളും സംഘർഷങ്ങളും പതിവാകുന്നതായും ചൂണ്ടിക്കാട്ടുന്നു.
ഹാർബർ ലൈനിലെ പൻവേൽ–ഗോരേഗാവ് റൂട്ടിൽ ഇതുവരെ എ.സി. ലോക്കൽ സർവീസുകൾ ആരംഭിച്ചിട്ടില്ലെന്നതും യാത്രക്കാരുടെ പ്രധാന പരാതിയാണ്.
അതേസമയം, വെസ്റ്റേൺ റെയിൽവേയിൽ ചർച്ച്ഗേറ്റിൽ നിന്ന് പുറപ്പെട്ട് രാവിലെ 9.35-ന് ദാദറിലെത്തിയിരുന്ന ചർച്ച്ഗേറ്റ്–ഗോരേഗാവ് എ.സി. സ്ലോ ലോക്കൽ സർവീസ് അറിയിപ്പില്ലാതെ റദ്ദാക്കിയതായും ആരോപണമുണ്ട്. ഇതോടെ ബാന്ദ്ര, സാന്താക്രൂസ്, അന്ധേരി, ഗോരേഗാവ് മേഖലകളിലേക്ക് ജോലിക്കായി പോകുന്ന ബി.എസ്.എൻ.എൽ., കേന്ദ്ര സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ കൃത്യസമയത്ത് ഓഫീസിലെത്താൻ പ്രയാസപ്പെടുകയാണെന്ന് ബി.എസ്.എൻ.എൽ. സാന്താക്രൂസ് സംസ്ഥാന മേധാവിയുടെ ഓഫീസിലെ അസിസ്റ്റന്റ് ഓഫീസ് സൂപ്രണ്ടും ബി.എസ്.എൻ.എൽ.ഇ.യു. മീഡിയ കോ-ഓർഡിനേറ്ററുമായ വി.പി. ശിവകുമാർ പറഞ്ഞു.
സെൻട്രൽ, വെസ്റ്റേൺ റെയിൽവേ സോണുകളിൽ രാവിലെയും വൈകിട്ടും എ.സി. ഫാസ്റ്റ്, സ്ലോ ലോക്കൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്നാണ് ആവശ്യം. ഹാർബർ ലൈനിൽ നിന്ന് വെസ്റ്റേൺ ലൈനിലേക്ക് നേരിട്ടുള്ള എ.സി. ലോക്കൽ സർവീസുകളും അനുവദിക്കണം. ഇതിലൂടെ മൂന്ന് റെയിൽവേ സോണുകളിലെയും യാത്രാക്ലേശത്തിന് പരിഹാരം കാണുന്നതിനൊപ്പം റെയിൽവേയ്ക്ക് അധിക വരുമാനവും ലഭിക്കുമെന്ന് വി.പി. ശിവകുമാർ ചൂണ്ടിക്കാട്ടി.
യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യവും തിരക്കും പരിഗണിച്ച് എ.സി. ലോക്കൽ സർവീസുകൾ വർധിപ്പിക്കാൻ റെയിൽവേ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM
